വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണമെന്ന് പോളണ്ടിലെ ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്. രണ്ട് പോയിന്‍റിലൂടെ മാത്രമാണ് പ്രവേശനം.

കീവ്: യുക്രൈനില്‍ (Ukraine) നിന്നുള്ള രക്ഷാദൌത്യം പുരോഗമിക്കുന്നതിനിടെ നിര്‍ദ്ദേശങ്ങളുമായി യുക്രൈനിലെ ഇന്ത്യന്‍ എംബസി (Indian Embassy). മുൻകൂട്ടി അറിയിക്കാതെ ജനങ്ങള്‍ അതിർത്തികളില്‍ എത്തരുതെന്നാണ് പുതിയ നിർദ്ദേശം. അതിർത്തികളിൽ സ്ഥിതി മെച്ചമല്ല. മുന്‍കൂട്ടി അറിയിക്കാതെ എത്തുന്നവരെ അതിര്‍ത്തി കടത്താന്‍ സഹായിക്കുന്നതില്‍ എംബസി വലിയ പ്രതിസന്ധി നേരിടുകയാണ്. മറ്റ് അതിര്‍ത്തി രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ജനങ്ങളെ രക്ഷിക്കാനുള്ള നപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ്. യുക്രൈനിലെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ ഉള്ളവര്‍ താരതമ്യേന സുരക്ഷിതരാണെന്നും അവര്‍ സ്ഥലത്ത് തുടരുന്നതാണ് നല്ലതെന്നും എംബസി അറിയിച്ചിട്ടുണ്ട്. മറ്റ് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ യുക്രൈന്‍റെ കിഴക്കന്‍ ഭാഗങ്ങളിലുള്ളവര്‍ സ്ഥലത്ത് തുടരണം.

വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണമെന്ന് പോളണ്ടിലെ ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്. രണ്ട് പോയിന്‍റിലൂടെ മാത്രമാണ് പ്രവേശനം. ഷെഹിന്-മെഡിക, കാര്‍ക്കോവിലൂടെയുമാണ് ഇന്ത്യക്കാര്‍ക്ക് പ്രവേശനം. രാത്രി എത്തുന്നത് ഒഴിവാക്കണം. സുരക്ഷിതമെങ്കിൽ തല്‍ക്കാലം താമസസ്ഥലങ്ങളിൽ തുടരണം എന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. പോളണ്ട് അതിര്‍ത്തിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ അതിര്‍ത്തി കടക്കാനാകുന്നില്ല. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ നാല് രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ അതിര്‍ത്തി കടത്താനാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

  • പോളണ്ടിലെ ഇന്ത്യന്‍ എംബസിയുടെ അഞ്ച് നിര്‍ദ്ദേശങ്ങള്‍

1. എംബസി അനുമതിയോടെ മാത്രം അതിര്‍ത്തിയിലേക്ക് യാത്ര

2. ഒന്നിച്ച് പോളണ്ട് അതിര്‍ത്തിയിലെത്തുന്നത് ഒഴിവാക്കണം

3.രണ്ട് പോയിന്‍റുകള്‍ വഴിയേ ഇന്ത്യക്കാര്‍ക്ക് അനുവാദമുള്ളു

4. സുരക്ഷിതമെങ്കില്‍ തല്‍ക്കാലം താമസസ്ഥലങ്ങളില്‍ തുടരണം

5. രാത്രി എത്തുന്നത് ഒഴിവാക്കണം

  • യുക്രൈനില്‍ നിന്ന് സഹായത്തിന് വിളിക്കാന്‍: എംബസി കണ്‍ട്രോള്‍ റൂം: +48606700105, +48225400000, വിവേക് സിങ് +48881551273, രഞ്ജിത് സിങ് + 48575762557, ശുഭംകുമാര്‍ +48575467147
  • 'രാജ്യം വിടില്ല, അവസാനഘട്ടം വരെ യുക്രൈനിൽ'; യുഎസ് സഹായവാഗ്ദാനം നിരസിച്ച് സെലന്‍സ്കി

കീവ്: യുക്രൈനില്‍ നിന്ന് രക്ഷപ്പെടാനുള്ള സഹായവാഗ്ദാനം നിരസിച്ച് പ്രസിഡന്‍റ് വ്ലാദിമിർ സെലന്‍സ്കി. രാജ്യം വിടാന്‍ അമേരിക്ക സഹായ വാഗ്ദാനം നല്‍കിയെങ്കിലും സെലന്‍സ്കി ഇത് നിരസിച്ചെന്നാണ് വിവരം. അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്കി അറിയിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് പ്രസിഡന്‍റ് സെലൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നും സെലന്‍സ്കി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്. യുക്രൈന്‍ ജനതയ്ക്ക് എന്ന പേരിലാണ് പ്രസിഡന്‍റ് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും' വീഡിയോ സന്ദേശത്തില്‍ പ്രസിഡന്‍റ് പറയുന്നു. പ്രസിഡന്‍റിനൊപ്പം യുക്രൈന്‍ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു. 

യുദ്ധം തുടങ്ങി മൂന്നാം ദിനവും റഷ്യ രൂക്ഷമായ ആക്രമണമാണ് യുക്രൈനില്‍ നടത്തുന്നത്. തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള നീക്കത്തിലാണ് റഷ്യ. അഞ്ച് സ്ഫോടനങ്ങളാണ് ഇന്ന് നടന്നത്. ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് ചരക്ക് കപ്പലുകള്‍ തകര്‍ന്നതായാണ് വിവരം. ഒഡേസ തുറമുഖത്തെ മാള്‍ഡോവ, പനാമ കപ്പലുകളാണ് തകര്‍ത്തത്. മെട്രോ സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ സ്റ്റേഷന്‍ തകര്‍ന്നു. യുക്രൈന് മേല്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വ്യോമപാത നിരോധിച്ചു. യുക്രൈന്‍ തിരിച്ചടിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. റഷ്യന്‍ വിമാനം വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.