ഇന്ത്യൻ വിസ, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ വിഎഫ്എസ് ഗ്ലോബൽ താൽക്കാലികമായി നിർത്തിവെച്ചു. ജൂലൈ 1 മുതലുള്ള ഈ അപ്രതീക്ഷിത നീക്കം, ഇന്ത്യയിലേക്ക് യാത്ര പോകാനിരുന്ന നൂറുകണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സേവനങ്ങൾ എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തതയില്ലാത്തതിനാൽ യാത്രക്കാർ ആശങ്കയിലാണ്.

കാൻബെറ: ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇന്ത്യൻ വിസ, പാസ്‌പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി വിഎഫ്എസ് ഗ്ലോബൽ അറിയിച്ചു. ജൂലൈ 1 മുതൽ രാജ്യത്തുടനീളമുള്ള വിഎഫ്എസ് കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചതോടെ, അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് യാത്ര തിരിക്കാനിരുന്ന നൂറുകണക്കിന് ആളുകളാണ് പ്രതിസന്ധിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോൺസുലാർ, പാസ്‌പോർട്ട്, വിസ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് വിഎഫ്എസ് ഗ്ലോബൽ വെബ്‌സൈറ്റിലൂടെ അറിയിച്ചു. സേവനങ്ങൾ എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമാക്കാത്ത കമ്പനി, ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാൻ അപേക്ഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് പോകാൻ വിസ ആവശ്യമുള്ള ഓസ്‌ട്രേലിയൻ സഞ്ചാരികൾ, ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാൻ കാത്തിരിക്കുന്ന പ്രവാസികൾ, ഒസിഐ കാർഡിന് അപേക്ഷിച്ചവർ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, അറ്റസ്റ്റേഷൻ തുടങ്ങിയ മറ്റ് കോൺസുലാർ സേവനങ്ങൾ ആവശ്യമുള്ളവർ എന്നിവരെ ഇത് ബാധിക്കും

സേവനങ്ങൾ പെട്ടെന്ന് നിർത്തിവെച്ചതിന്‍റെ കാരണം വിഎഫ്എസ് ഗ്ലോബലോ കാനബെറയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോ പരസ്യപ്പെടുത്തിയിട്ടില്ല. സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും താൽക്കാലിക സസ്‌പെൻഷൻ സ്ഥിരീകരിച്ച് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ മാസത്തിലെ സ്കൂൾ അവധിക്കാലം ആരംഭിക്കുന്ന സമയമായതിനാൽ, കുടുംബസമേതം ഇന്ത്യയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്ന വലിയൊരു വിഭാഗം ആളുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. അടിയന്തര യാത്രാ ആവശ്യങ്ങളുള്ളവർ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

മെൽബണിലെ വിഎഫ്എസ് കേന്ദ്രം കൂടുതൽ സൗകര്യങ്ങളുള്ള വലിയൊരു കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ദിവസങ്ങൾക്ക് മുൻപ് വാർത്തകൾ വന്നിരുന്നു. അവിടെ തിരക്ക് കുറയ്ക്കാൻ 15 കൗണ്ടറുകൾ വരെ സ്ഥാപിക്കുമെന്ന് കോൺസുൽ ജനറൽ അനീഷ് രാജൻ വ്യക്തമാക്കിയിരുന്നതുമാണ്. എന്നാൽ, നിലവിലെ താൽക്കാലിക സസ്‌പെൻഷന് ഈ ഓഫീസ് മാറ്റവുമായി യാതൊരു ബന്ധവുമില്ലെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.