ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ രാജ്യം അപ്രതീക്ഷിതമായി വ്യോമപാത അടച്ചു, ഇത് യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെ താറുമാറാക്കി. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
ടെഹ്റാൻ: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ രാജ്യം തങ്ങളുടെ വ്യോമപാത അപ്രതീക്ഷിതമായി അടച്ചതോടെ വലിയ പ്രതിസന്ധി. ഇതോടെ യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വിമാന സർവീസുകൾ താറുമാറായി. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമപാത അടച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്.
ജോർജിയയിലെ ടിബിലിസിയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന ഇൻഡിഗോ വിമാനം ആണ് ഇറാൻ വ്യോമപാത വഴി ഏറ്റവും ഒടുവിൽ കടന്നുപോയ വിദേശ വിമാനമെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച പുലർച്ചെ 2:35-നാണ് ഈ വിമാനം ഇറാന് മുകളിലൂടെ പറന്നത്. തൊട്ടുപിന്നാലെ രാജ്യം വ്യോമപാത പൂർണ്ണമായും അടയ്ക്കുകയായിരുന്നു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനക്കമ്പനികൾ തങ്ങളുടെ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പല വിമാനങ്ങളും വടക്കോ തെക്കോ ദിശകളിലൂടെ വഴിതിരിച്ചുവിടുന്നതിനാൽ യാത്രാസമയം കൂടും. വഴിതിരിച്ചുവിടാൻ സാധിക്കാത്ത വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യുമെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതത് വിമാനക്കമ്പനികളുടെ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്.
എന്തുകൊണ്ട് ഈ അടിയന്തര നീക്കം?
ഇറാനിൽ ഡിസംബർ 28ന് തുടങ്ങിയ പ്രക്ഷോഭങ്ങളിൽ ഇതുവരെ 2,400-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്നത് തുടർന്നാൽ ഇറാനെ ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഖത്തറിലെ തങ്ങളുടെ ഏറ്റവും വലിയ സൈനിക താവളത്തിൽ നിന്ന് അമേരിക്ക ഉദ്യോഗസ്ഥരെ മാറ്റിയതും ഇറാൻ വ്യോമപാത അടച്ചതും ചേർത്ത് വായിക്കുമ്പോൾ, ഒരു അമേരിക്കൻ സൈനിക നീക്കം ഉടൻ ഉണ്ടായേക്കാമെന്ന് വിദേശ നിരീക്ഷകർ ഭയപ്പെടുന്നു. ഇറാൻ ഒരു തന്ത്രപ്രധാനമായ പാതയിലായതിനാൽ, ഈ നിയന്ത്രണം ആഗോള വ്യോമഗതാഗതത്തെയും വിമാന ടിക്കറ്റ് നിരക്കിനെയും വരും ദിവസങ്ങളിൽ ബാധിക്കാൻ സാധ്യതയുണ്ട്.


