യുദ്ധഭൂമിയിൽ നിന്നും രക്ഷ തേടിയുള്ള കാത്തിരിപ്പിനിടെ കൂട്ടത്തിലൊരാളെ മരണം കൊണ്ടുപോയതിൻ്റെ ആഘാതം മറ്റു വിദ്യാർത്ഥികൾക്ക് താങ്ങാവുന്നതിലപ്പുറമായി. ബങ്കറുകളിൽ ഇനിയും രക്ഷ തേടി കാത്തിരിക്കുന്നവരുടെ ആത്മവിശ്വാസത്തെക്കൂടി ബാധിക്കുന്നതായി ഇന്നത്തെ ദിവസം.
ഖാർകീവ്: ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതോടെ യുദ്ധഭൂമിയിൽ രക്ഷ തേടിയുള്ള കാത്തിരിപ്പിൽ കണ്ണീരണിഞ്ഞ് മലയാളികളടക്കം ഇന്ത്യൻ വിദ്യാർത്ഥികൾ. പ്രധാന നഗരങ്ങൾ റഷ്യൻ സേന കൂടുതൽ വളഞ്ഞതോടെ രക്ഷാപ്രവർത്തനം സങ്കീർണമാവുന്നതാണ് ആശങ്ക. ബങ്കറുകളിൽ കാത്തിരിക്കാൻ ഇനിയും തയാറാണെന്ന് പറയുന്ന വിദ്യാർത്ഥികൾ തങ്ങളെ രക്ഷിക്കാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നെങ്കിലും സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു.
കര്‍ണാടക സ്വദേശിയായ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീൻ എസ് ജ്ഞാനഗൗഡറാണ് ഇന്ന് യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. തൊട്ടുസമീപത്തുള്ള ഗവർണർ ഹൌസ് ലക്ഷ്യമിട്ടായിരുന്നു ഷെല്ലാക്രമണം.
യുദ്ധഭൂമിയിൽ സുരക്ഷിതനാണെന്നും ഇന്ന് തന്നെ അതിര്‍ത്തിയിലേക്ക് തിരിക്കുമെന്നും രാവിലെ വീട്ടുകാരുമായി ഫോണിൽ സംസാരിക്കുമ്പോൾ നവീൻ പറഞ്ഞിരുന്നു. മകന്‍റെ തിരിച്ചുവരവിനായി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് മരണവാർത്ത സ്ഥിരീകരിച്ചു കൊണ്ട് വിദേശകാര്യമന്ത്രാലയത്തിൽ നിന്നും ദുഖവാർത്തയെത്തുന്നത്. കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് നവീൻ.
കൊല്ലപ്പെട്ടത് നവീന‍്‍ തന്നെയാണെന്ന് സുഹൃത്തുക്കളും ഏജന്‍റും തിരിച്ചറിഞ്ഞു. സാഹചര്യം അനുകൂലമാകുന്നത് അനുസരിച്ച് നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 5000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഖാർഖീവ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നത്. ഷെല്ലാക്രമണം രൂക്ഷമായതോടെ ഖാര്‍ഗീവിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്ന് യാത്രതിരിക്കാന്‍ കഴിഞ്ഞിട്ടില്ല. നവീൻ്റെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. നവീൻ്റെ പിതാവുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു,.
യുദ്ധഭൂമിയിൽ നിന്നും രക്ഷ തേടിയുള്ള കാത്തിരിപ്പിനിടെ കൂട്ടത്തിലൊരാളെ മരണം കൊണ്ടുപോയതിൻ്റെ ആഘാതം മറ്റു വിദ്യാർത്ഥികൾക്ക് താങ്ങാവുന്നതിലപ്പുറമായി. ബങ്കറുകളിൽ ഇനിയും രക്ഷ തേടി കാത്തിരിക്കുന്നവരുടെ ആത്മവിശ്വാസത്തെക്കൂടി ബാധിക്കുന്നതായി ഇന്നത്തെ ദിവസം.
സ്വരാജ്യത്തിനായി റഷ്യക്കാരെ നേരിടാൻ സാധാരണ യുക്രൈൻ പൗരൻമാർ തന്നെ രംഗത്തുണ്ട്. ഇവർക്ക് ആയുധങ്ങളും പരിശീലനവും യുക്രൈൻ സർക്കാർ നൽകുന്നുമുണ്ട്. ആരിലും നിന്നും ആക്രമണം ഉണ്ടാവാം എന്ന നിലവന്നതോടെ മുന്നിലെത്തുന്ന ആരേയും ആക്രമിക്കുന്ന നിലയിലേക്ക് യുക്രൈനിലെത്തിയ റഷ്യൻ സൈനികരും മാറി. ബങ്കറുകളിൽ നിന്നും പുറത്തിറങ്ങുന്നവർ റഷ്യൻ സൈനികരാൽ ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടിയെന്നാണ് വിലയിരുത്തൽ. യുക്രൈൻ തലസ്ഥാനമായ കീവ്, പ്രതിരോധ കേന്ദ്രമായ ഖർകീവ്, സുമി അടക്കം നഗരങ്ങൾ റഷ്യൻ സൈന്യത്താൽ ചുറ്റപ്പെട്ടതോടെ ഏതുവിധേനയും രക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഇത്തരം കാര്യങ്ങൾക്കായി ശ്രമിക്കരുതെന്നാണ് ഇപ്പോഴും ബങ്കറുകളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ മുന്നറിയിപ്പ്.
വിദ്യാർത്ഥികളുടെ വാക്കുകളെ ശരിവെക്കുന്നതാണ് പുറത്തെ ദൃശ്യങ്ങൾ. നഗരങ്ങളിലേക്ക് മുന്നേറുന്ന റഷ്യൻ സൈന്യം തങ്ങളെ തടയാൻ ശ്രമിക്കരുതെന്ന് ജനക്കൂട്ടത്തിന് മുന്നറിയിപ്പ് നൽകുന്നത് വെടിവച്ചാണ്. തങ്ങൾക്ക് നേരെ പ്രതിഷേധിക്കുന്ന യുക്രൈൻക്കാരെ ഗ്രനേഡ് ഉപയോഗിച്ചാണ് അവ നേരിടുന്നത്. റഷ്യൻ/യുക്രൈൻ സൈനികരുടെ ഫോട്ടോ എടുക്കാനോ സംസാരിക്കാനോ ശ്രമിക്കരുതെന്ന് ഇന്ന് വിവിധ നഗരങ്ങളിലെ മേയർമാർ മുന്നറിയിപ്പ് നൽകി. കൂടുതൽ പ്രതിരോധത്തിന് തയാറെടുക്കുകയാണെന്നും വിശദീകരണമുണ്ട്.
അതേസമയം യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകീവ് കഴിഞ്ഞ രണ്ടു ദിവസമായി റഷ്യൻ വ്യോമാക്രമണത്തിൽ കത്തിയെരിയുകയാണ്. ജനവാസ മേഖലകളിൽ അടക്കം റഷ്യ ക്രൂരമായ ആക്രമണം നടത്തുകയാണെന്നും യുദ്ധകുറ്റകൃത്യമാണ് ഖാർകീവിൽ നടക്കുന്നതെന്നും യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
ഖാർകീവ് നഗര ഹൃദയത്തിലെ ഫ്രീഡം സ്‌ക്വയർ മിസൈൽ ആക്രമണത്തിലൂടെ റഷ്യ തരിപ്പണമാക്കി. ഭരണസിരാ കേന്ദ്രമായ സർക്കാർ മന്ദിരവും തകർത്തു. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവ് യുക്രൈന്റെ പ്രതിരോധ ഫാക്ടറി പ്രവർത്തിക്കുന്ന സ്ഥലംകൂടിയാണ്. ഈ ഫാക്ടറിയിൽ ഇന്നലെ റഷ്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. പിന്നാലെ ജനവാസ കേന്ദ്രങ്ങളിലും വ്യാപക ആക്രമണം ഉണ്ടായി . അപകടസ്ഥലത്ത് നിന്നും മൂന്നു കുട്ടികൾ അടക്കം ഒൻപതു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. ഖാർകീവിൽ റഷ്യ നടത്തുന്നത് യുദ്ധ കുറ്റകൃത്യമാണ് എന്ന് യുക്രൈൻ പ്രസിഡന്റ് ആരോപിക്കുന്നു. വീഡിയോ സന്ദേശത്തിലൂടെ യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു സെലിൻസ്കി.
ഇന്നലെത്തന്നെ റഷ്യൻ യുദ്ധടാങ്കുകൾ ഖാർകീവിൽ പ്രവേശിച്ചെങ്കിലും നഗരത്തിന്റെ പൂർണ്ണ നിയന്ത്രണം ഇനിയും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഏറെ സാമ്പത്തിക പ്രാധാന്യമുള്ള ഖാർകീവിൽ റഷ്യ ആക്രമണം കടുപ്പിക്കുന്നത് യുക്രൈന് മേലുള്ള സമ്മർദ തന്ത്രമെന്നാണ് പ്രതിരോധ വിദഗ്ദ്‌ജരുടെ വിലയിരുത്തൽ. പതിനാലു ലക്ഷം പേരുള്ള ഖാർകീവിൽ ജനം ആറുദിവസമായി റെയിൽവേ സ്റ്റേഷനുകളിലും ബങ്കറുകളിലും കഴിയുകയാണ്. ഭക്ഷണവും വെള്ളവും തീരുകയും ഇന്ധന സംഭരണ കേന്ദ്രങ്ങൾ റഷ്യ തകർക്കുകയും ചെയ്തതോടെ വൻ ദുരന്തത്തിലേക്ക് നീങ്ങുകയാണ് ഖാർകീവ്. അതിനിടെയാണ് ബങ്കറിൽ അഭയം പ്രാപിച്ച മലയാളികളളോടൊപ്പമുള്ള ഒരാളുടെ കൊലപാതകം.
