നീൽ ആചാര്യയെ അവസാനമായി കണ്ടത് ഊബർ ഡ്രൈവറാണ്. ഞായറാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ഇന്ത്യാന: അമേരിക്കയില്‍ ഉപരി പഠനത്തിനായി പോയ ഇന്ത്യന്‍ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ പർഡ്യൂ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന നീൽ ആചാര്യയെ ഞായറാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കി മണിക്കൂറുകൾക്കുള്ളിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. 

യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റ സയന്‍സ് വിദ്യാർത്ഥിയായിരുന്നു നീല്‍. പർഡ്യൂ യൂണിവേഴ്‌സിറ്റിയിലെ ജോൺ മാർട്ടിൻസൺ ഓണേഴ്‌സ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു നീല്‍. 

നീലിന്‍റെ അമ്മ ഗൗരി ആചാര്യ മകനെ കാണാനില്ലെന്ന് ഞായറാഴ്ച സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു- "ഞങ്ങളുടെ മകൻ നീൽ ആചാര്യയെ ജനുവരി 28 മുതൽ കാണാനില്ല. അവൻ യുഎസിലെ പർഡ്യൂ യൂണിവേഴ്‌സിറ്റിയിലാണ് പഠിക്കുന്നത്. അവനെ അവസാനമായി കണ്ടത് പർഡ്യൂ യൂണിവേഴ്‌സിറ്റിയിൽ എത്തിച്ച ഊബര്‍ ഡ്രൈവറാണ്. അവനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്ന് അന്വേഷിക്കുകയാണ്. നിങ്ങൾക്ക് എന്തെങ്കിലും വിവരം കിട്ടിയാല്‍ ദയവുചെയ്ത് ഞങ്ങളെ സഹായിക്കൂ."

Scroll to load tweet…

ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഗൗരി ആചാര്യയുടെ പോസ്റ്റിന് മറുപടി നല്‍കിയിരുന്നു, കോൺസുലേറ്റ് പർഡ്യൂ യൂണിവേഴ്സിറ്റി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്, സാധ്യമായ എല്ലാ പിന്തുണയും സഹായവും നൽകും എന്നാണ് അറിയിച്ചത്. പിന്നാലെയാണ് ക്യാമ്പസില്‍ നിന്ന് നീലിന്‍റെ മൃതദേഹം ലഭിച്ചത്. നീല്‍ എങ്ങനെയാണ് മരിച്ചതെന്ന് ഇപ്പോള്‍ വ്യക്തമല്ല.

“ഞങ്ങളുടെ വിദ്യാർത്ഥികളിലൊരാളായ നീൽ ആചാര്യ അന്തരിച്ചുവെന്ന് ഞാൻ നിങ്ങളെ വളരെ സങ്കടത്തോടെ അറിയിക്കുന്നു. കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു ”- കമ്പ്യൂട്ടര്‍ സയന്‍സ് മേധാവി ക്രിസ് ക്ലിഫ്റ്റൺ ഇമെയിലിൽ വിദ്യാര്‍ത്ഥികളെ അറിയിച്ചു.

അമേരിക്കയില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും കഴിഞ്ഞ ദിവസമാണ്. ഹരിയാനയിലെ പഞ്ചകുല സ്വദേശിയായ വിവേക് സൈനിയാണ് അമേരിക്കയിലെ ജോര്‍ജിയ സ്റ്റേറ്റിലുള്ള ലിത്തോണിയയിൽ കൊല്ലപ്പെട്ടത്. എംബിഎ വിദ്യാര്‍ത്ഥിയായിരുന്ന വിവേക് സൈനി ഒരു സ്റ്റോറിൽ പാര്‍ട് ടൈം ക്ലര്‍ക്കായി ജോലി ചെയ്തിരുന്നു.

ജോലി സ്ഥലത്തിന് സമീപം അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ലഹരിക്കടിമയായ ആളാണ് വിവേകിനെ ക്രൂരമായി കൊലപ്പെടുത്തിയത്. വിവേക് ഇയാള്‍ക്ക് ഭക്ഷണവും വെള്ളവും തണുപ്പകറ്റാന്‍ ജാക്കറ്റും നല്‍കി സഹായിച്ചിരുന്നു. സഹായിക്കുന്നത് നിര്‍ത്തിയതോടെ വിവേകിനെ ഇയാള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ചുറ്റിക കൊണ്ട് അക്രമി വിവേകിന്‍റെ തലയ്ക്ക് അടിക്കുന്ന കാഴ്ച സിസിടിവി ക്യാമറയിൽ പതിഞ്ഞു. അന്‍പത് തവണയോളം ചുറ്റിക കൊണ്ട് അടിച്ചു. ചലനമറ്റ് വിവേക് നിലത്തു വീണിട്ടും അടിക്കുന്നത് തുടര്‍ന്നു. പിന്നീട് പൊലീസ് എത്തി അക്രമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്ത് ദിവസത്തിനകം നാട്ടിലേക്ക് മടങ്ങാനിരിക്കുന്നതിനിടെയാണ് വിവേക് സൈനി ക്രൂരമായി കൊല്ലപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം