വാഷിംഗ്ടൺ: ഗ്രീൻ കാർഡ് നൽകുന്നതിന് വിവിധ രാജ്യങ്ങൾക്ക് നൽകുന്ന വാർഷിക പരിധി ഒഴിവാക്കാനുള്ള ബില്ല് അമേരിക്കൻ പ്രതിനിധി സഭ പാസ്സാക്കി. അമേരിക്കയിൽ സ്ഥിരമായി താമസിച്ച് ജോലി ചെയ്യുന്നതിന് പ്രൊഫഷണൽസിന് നൽകുന്ന അനുമതിയാണ് ഗ്രീൻ കാർഡ് (ലീഗൽ പെർമനന്‍റ് റസിഡൻസി കാർഡ്). ഇന്ത്യക്കാർക്ക് ഇത് ഏഴ് ശതമാനമായിരുന്നു. ഒപ്പം, കുടുംബമായി അമേരിക്കയിലേക്ക് മാറാൻ അപേക്ഷിക്കുന്നവർക്ക് വർഷം 7 ശതമാനം എന്നത് 15 ശതമാനമാക്കി ഉയർത്താനും ബില്ലിൽ ശുപാർശയുണ്ട്.

65 വോട്ടുകൾക്കെതിരെ 365 വോട്ട് നേടിയാണ് ബില്ല് പ്രതിനിധി സഭ പാസ്സാക്കിയത്. അമേരിക്കയിൽ താമസിച്ച് ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളുൾപ്പടെയുള്ള ഇന്ത്യക്കാർക്ക് ആശ്വാസമാണ് ഈ ബില്ല്. വിദഗ്‍ധ തൊഴിലാളികൾക്ക് നിലവിൽ ഗ്രീൻ കാർഡ് കിട്ടാൻ ഏറെക്കാലം കാത്തിരിക്കണം. ഗ്രീൻ കാർഡ് അനുവദിക്കുന്നതിന് പരിധി ഒഴിവാക്കിയാൽ അത് നിലവിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന നിരവധിപ്പേർക്ക് ഗുണമാകും. 

ബില്ല് പാസ്സാക്കിയതിനെ രാജ്യത്തെ പ്രമുഖ ഐടി കമ്പനികളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. ഇനി സെനറ്റ് കൂടി ഇത് പാസ്സാക്കിയാൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട് നിയമമാക്കും.