Asianet News MalayalamAsianet News Malayalam

ലോകം യുദ്ധഭീതിയില്‍; യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖില്‍ വീണ്ടും ഇറാന്‍റെ മിസൈലാക്രമണം

ആക്രമണത്തിന് പിന്നാലെ ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുകയാണ്. ഓയില്‍ വില ഇതിനോടകം 3.5 ശതമാനം വര്‍ധിച്ചു എന്നാണ് വിവരം. 

Iran attacked two Iraqi bases housing US forces
Author
Erbil, First Published Jan 8, 2020, 6:30 AM IST

ബാഗ്‍ദാദ്: യുദ്ധകാഹളം മുഴക്കി ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങള്‍ ആക്രമിച്ച് ഇറാന്‍.  ഇന്ത്യന്‍ സമയം പുലര്‍ച്ചെ അ‍ഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയത്. ഏതാണ്ട് 12-ഓളം മിസൈലുകള്‍ ആണ് സൈനികതാവളങ്ങള്‍  ലക്ഷ്യമാക്കി ഇറാന്‍ വിക്ഷേപിച്ചതെന്ന് ആഗോളമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആളപായമുണ്ടായോ എന്ന കാര്യം വ്യക്തമല്ല.

അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് പെന്‍റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്‍മാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്തു വിട്ടത്. അല്‍ അസദില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്ന അല്‍ അസദ് എയര്‍ ബേസും അമേരിക്കന്‍ സൈനികളും സഖ്യരാജ്യങ്ങളിലും സൈനികരും തങ്ങുന്ന ഇര്‍ബിലിലെ സൈനികതാവളവും ലക്ഷ്യമിട്ട് ഒരു ഡ‍സനോളം മിസൈലുകള്‍ വര്‍ഷിച്ചിട്ടുണ്ട്. ആക്രണമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി എന്ന കാര്യം പരിശോധിച്ചു വരികയാണ് - ഹൊഫ്‍മാന്‍ അറിയിച്ചു. 

ഇറാന്‍റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖ്വാസിം സൊലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ  ഇറാന്‍ പ്രഖ്യാപിച്ചു. ആക്രമണത്തിന് പിന്നാലെ ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുകയാണ്. ഓയില്‍ വില ഇതിനോടകം 3.5 ശതമാനം വര്‍ധിച്ചു എന്നാണ് വിവരം. 

കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യത്തെ ഭീകരസംഘടനയായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനെ ലക്ഷ്യം വയ്കുന്ന ഏത് കേന്ദ്രങ്ങളും തങ്ങള്‍ നശിപ്പിക്കുമെന്നും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് ഇടം നല്‍കിയ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ മുതിർന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ മൃതദേഹം സംസ്കരിച്ചു.

വൻ ജനാവാലിയെ സാക്ഷിയാക്കി ജന്മ നാടായ കെർമനിലായിരുന്നു കബറടക്കം. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുവാൻ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്. വിലാപയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 56 ആയി, പരിക്കേറ്റ് 200 ഓളം പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

 സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശം നല്‍കി. നിരവധി നിഷ്കളങ്കരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയാണ് സുലൈമാനിയെന്നും, മരണത്തിൽ അനുശോചിക്കില്ലെന്നും  പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു.

പിന്നാലെ അമേരിക്കൻ നടപടിയെ ന്യായീകരിച്ച ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി സുലൈമാനിയെ മേഖലയിലെ പ്രധാന ശല്യമെന്നും വിശേഷിപ്പിച്ചു. ഇതിൽ പ്രകോപിതരായ ഇറാൻ തെഹ്റാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിപ്പിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഇറാഖിൽ നിന്ന് അവശ്യ സേവനരംഗത്തുള്ളവർ ഒഴികെയുള്ള മുഴുവന്‍ പൗരന്മാരേയും ബ്രിട്ടൺ മാറ്റിയിട്ടുണ്ട്. 

ബ്രീട്ടീഷ് പൗരന്മാരുടെയും മേഖലയുടേയും സുരക്ഷയ്ക്കായി ഏത് സാഹചര്യവും നേരിടാൻ തയ്യാറായി നിൽക്കണമെന്നാണ് ഗൾഫ് മേഖലയിലെ ബ്രീട്ടിഷ് കപ്പലുകൾക്കും മിലിറ്ററി ഹെലികോപ്റ്ററുകൾക്കും പ്രധാനമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. തെഹ്റാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ ഇറാൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് സൈന്യത്തിന് ജാഗ്രതാ നിർദ്ദേശം ലഭിച്ചത്.

ഇതിനിടെ സുലൈമാനിക്കെതിരെ ചെകുത്താൻ പരാമർശവുമായി വീണ്ടും ട്രംപ് രംഗത്തെത്തി. സുലൈമാനിക്ക് ഇറാൻ വികാര നിർഭരമായ യാത്ര അയപ്പ് നൽകിയതിന് തൊട്ടു പിന്നാലെയാണ് ചെകുത്താൻ പരാമർശവുമായി ട്രംപ് എത്തിയത്. അമേരിക്കയ്ക്ക് എതിരെ സുപ്രധാനമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് സുലൈമാനിയെ വധിച്ചതെന്നും. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള തിരിച്ചടി മാത്രമാണ് നടന്നതെന്നും ട്രംപ് ആവർത്തിച്ചു. 

എന്നാൽ കഴിഞ്ഞ ദിവസത്തെപ്പോലെ കൂടുതൽ ആക്രണണ സൂചനകൾ ട്രംപിന്റെ ഭാഗത്തു നിന്ന് വന്നില്ല എന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര ധാരണകളും നിയമങ്ങളും മാനിച്ച് സാംസ്കാരിക കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് വ്യക്തമാക്കാനും ട്രംപ് മറന്നില്ല. കഴിഞ്ഞദിവസം ഇറാനിലെ സാംസ്കാരിക കേന്ദ്രങ്ങൾ അടക്കം 52 ഇടങ്ങൾ ആക്രമിക്കാൻ അമേരിക്ക സജ്ജമാണെന്ന് ട്രംപ് വ്യക്തമാക്കിരുന്നു. അതിന് പിന്നാലെ ലോകമെമ്പാടുമുള്ള 290 കേന്ദ്രങ്ങളിൽ തിരിച്ചടിയുണ്ടാവുമെന്ന് ഇറാനും പ്രതികരിച്ചു. ഒപ്പം അമേരിക്കയേയും അമേരിക്കൻ സൈനികരേയും ഇറാൻ ഭീകരരായി പ്രഖ്യാപിച്ചു. 

ഇറാന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ട ആക്രമണദൃശ്യങ്ങള്‍..

Follow Us:
Download App:
  • android
  • ios