ദില്ലിയിൽ അടക്കം തീവ്രവാദ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടത് സൊലേമാനിയാണെന്ന് ട്രംപ് ആരോപിച്ചെങ്കിലും അത് ഏത് ആക്രമണമാണെന്ന് വ്യക്തമായി പറഞ്ഞില്ല. പക്ഷേ, 2012-ൽ ഇസ്രായേലി എംബസിയുടെ പുറത്ത് നിർത്തിയിട്ടിരുന്ന ഒരു പ്രതിരോധ ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ കാറിൽ ബോംബ് പൊട്ടിത്തെറിച്ചതായിരിക്കാം ട്രംപ് ഉദ്ദേശിച്ചതെന്നാണ് വിദേശകാര്യ വിദഗ്ധർ വ്യക്തമാക്കുന്നത്.

ലോസ് ഏഞ്ചലസ്: ഇറാനിലെ മുതിർന്ന കമാൻഡർ കാസിം സൊലേമാനിയെ വധിച്ച അമേരിക്കൻ നടപടിയെ ന്യായീകരിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഒടുവിൽ തീവ്രവാദത്തിന്‍റെ കാലം അവസാനിച്ചെന്നും, അങ്ങ് ദൂരെ ദില്ലി മുതൽ ലണ്ടൻ വരെയുള്ള തീവ്രവാദ ആക്രമണങ്ങളുടെ സൂത്രധാരനെയാണ് താൻ വധിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. കാസിം സൊലേമാനിയെ വധിച്ച ശേഷം മണിക്കൂറുകൾക്കകം വീണ്ടും ഇറാനിൽ യുഎസ് വ്യോമാക്രമണം നടത്തിയ സാഹചര്യത്തിലാണ് ട്രംപ് ന്യായീകരണവുമായി രംഗത്തെത്തുന്നത്. തന്‍റെ ട്വിറ്റർ ഹാൻഡിലിൽ അമേരിക്കൻ പതാകയുടെ ചിത്രം പോസ്റ്റ് ചെയ്തും, തന്നെ അനുകൂലിക്കുന്നവരുടെ ട്വീറ്റുകളെല്ലാം റീട്വീറ്റ് ചെയ്തുമാണ് ഡോണൾഡ് ട്രംപ് തുടർച്ചയായി ന്യായവാദങ്ങളുയർത്തുന്നത്.

നിലവിൽ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുകയാണ് ട്രംപ്. വേണ്ടത്ര ആലോചനയില്ലാതെയാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടതെന്നായിരുന്നു ആദ്യം കരുതപ്പെട്ടിരുന്നതെങ്കിലും, അതല്ല, കൃത്യമായ പദ്ധതികളോടെയാണെന്നാണ് ട്രംപിന്‍റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. 

''സൊലേമാനി വധിച്ചത് നിരപരാധികളായ മനുഷ്യരെയാണ്. അങ്ങ് ദൂരെ ദില്ലി മുതൽ ഇങ്ങ് ലണ്ടൻ വരെ തീവ്രവാദ ആക്രമണങ്ങൾക്ക് സഹായം ചെയ്തതും സൂത്രധാരനായതും സൊലൈമാനിയാണ്. ഇന്ന് സൊലേമാനി വധിക്കപ്പെട്ട സാഹചര്യത്തിൽ അയാളുടെ ആക്രമണങ്ങളുടെ ഇരകളെ ഓർക്കാം. ആ തീവ്രവാദത്തിന്‍റെ കാലം അവസാനിച്ചെന്ന് ആശ്വസിക്കാം'', എന്ന് ട്രംപ്. 

Scroll to load tweet…

വെള്ളിയാഴ്ച പുലർച്ചെയാണ് ബാഗ്‍ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഖാസിം സൊലൈമാനി എന്ന ഇറാനിയൻ ഖുദ്സ് ഫോഴ്സ് തലവനെ അമേരിക്ക വധിച്ചത്. ജനറൽ സൊലേമാനിക്കൊപ്പം ഇറാഖി കമാൻഡർ അബു മെഹ്ർദി അൽ മുഹന്ദിസ് അടക്കം ആകെ ഏഴ് പേരാണ് അമേരിക്കയുടെ മിന്നൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. അമേരിക്കൻ സൈന്യം ലക്ഷ്യമിട്ട് തന്നെ നടത്തിയ 'ടാർഗറ്റഡ് അസോൾട്ട്' (കൃത്യമായി ലക്ഷ്യമിട്ടുള്ള ആക്രമണം) ആയിരുന്നെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ - ഇറാഖി സർക്കാരുകൾക്കിടയിലെ നയതന്ത്രബന്ധത്തിൽ കാര്യമായ വിള്ളലുണ്ടാക്കാൻ പര്യാപ്തമായിരുന്നു ഈ ആക്രമണം. പരമാധികാരത്തിന് മുകളിൽ കയറിയുള്ള ഈ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്നായിരുന്നു ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖൊമൈനിയുടെ മറുപടി.

ട്രംപ് ഉദ്ദേശിച്ച ആ ഭീകരാക്രമണം ഏതാണ്?

ദില്ലിയിൽ അടക്കം തീവ്രവാദ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടത് സൊലേമാനിയാണെന്ന് ട്രംപ് ആരോപിച്ചെങ്കിലും അത് ഏത് ആക്രമണമാണെന്ന് വ്യക്തമായി പറഞ്ഞില്ല. പക്ഷേ, 2012-ൽ ഇസ്രായേലി എംബസിയുടെ പുറത്ത് നിർത്തിയിട്ടിരുന്ന ഒരു പ്രതിരോധ ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ കാറിൽ ബോംബ് പൊട്ടിത്തെറിച്ചതായിരിക്കാം ട്രംപ് ഉദ്ദേശിച്ചതെന്നാണ് വിദേശകാര്യ വിദഗ്ധർ വ്യക്തമാക്കുന്നത്.

ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥന്‍റെ ഭാര്യയായ താൽ യേഷ്വ കോറന് അന്ന് ബോംബാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കാറിനടുത്തുണ്ടായിരുന്ന ഡ്രൈവർക്കും രണ്ട് സഹായികൾക്കും ഗുരുതരമായി പരിക്കേറ്റു. ഒരു കാന്തത്തിൽ ഒട്ടിച്ച് വച്ച നിലയിലായിരുന്നു അന്ന് ബോംബ് ഘടിപ്പിച്ചിരുന്നത്.

ചിത്രം, കടപ്പാട്: ന്യൂയോർക്ക് ടൈംസ് (Newyork Times)

അന്ന് തന്നെ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ചിരുന്നതാണ്. സമാനമായ രീതിയിൽ ജോർജിയയിലും ഇസ്രയേലി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്താൻ ശ്രമം നടന്നിരുന്നെന്നും, നെതന്യാഹു ആരോപിച്ചിരുന്നു.

എന്നാൽ കേന്ദ്ര ഏജൻസികളൊന്നും ഈ കേസ് ഇതുവരെ തെളിയിച്ചിട്ടില്ല. ഇറാനുമായി ആക്രമണങ്ങൾക്ക് ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവുകളും കിട്ടിയിട്ടില്ല. അതേസമയം, ഇറാൻ സ്വദേശിയായ ആണവ ശാസ്ത്രജ്ഞൻ മുസ്തഫ അഹമ്മദി റോഷനെ ബോംബ് വച്ച് കൊന്ന കേസിന്‍റെ പ്രതികാരമായിട്ടാണ് ഇറാൻ ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് അന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പലതും റിപ്പോർട്ട് ചെയ്തിരുന്നു. സമാനമായ രീതിയിൽ കാറിന് കീഴെ കാന്തം ഒട്ടിച്ച് ബോംബ് വച്ചാണ് അന്ന് അഹമ്മദി റോഷനെ സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയത്. 

അന്ന് കേസിൽ ഗൂഢാലോചന നടത്തിയെന്ന് കാട്ടി ദില്ലി പൊലീസ് മാർച്ച് ആറിന് സയ്യിദ് മുഹമ്മദ് അഹമ്മദ് കസ്മി എന്ന മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തു. പിന്നീട്, സുപ്രീംകോടതി ഇയാളെ കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടു. 

അന്ന് ആക്രമണം നടത്താനെത്തിയ ഇറാൻ സ്വദേശികളെ ഇയാളാണ് സഹായിച്ചതെന്നാണ് ദില്ലി പൊലീസ് കണ്ടെത്തൽ. ആക്രമണം നടത്തി എന്ന് കരുതപ്പെടുന്ന അഞ്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് അംഗങ്ങളെ പൊലീസ് അന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പൊലീസിന് ഇതുവരെ ഇവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

ഇതേ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സിന്‍റെ ഖുദ്സ് ഫോഴ്സിന്‍റെ തലവനാണ് കൊല്ലപ്പെട്ട ഇറാനിയൻ മേജർ ജനറൽ സൊലേമാനി. എന്നാൽ അന്ന് ആ റിപ്പോർട്ടുകളിലൊന്നും സൊലേമാനിയുടെ പങ്കോ പേരോ പ്രത്യക്ഷപ്പെട്ടിരുന്നില്ല.