Asianet News MalayalamAsianet News Malayalam

ഇസ്രായേലിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം, ടെൽ അവീവിൽ വെടിവെപ്പ്, പരക്കെ ആക്രമണമെന്ന് മലയാളികൾ, ആശങ്ക

ജോര്‍ദാനിലും മിസൈല്‍ ആക്രമണം ഉണ്ടായതായി മലയാളികള്‍ പറഞ്ഞു. ഇതിനിടെ, ടെല്‍അവീവിലെ ജാഫയിലുണ്ടായ വെടിവെപ്പിൽ നാലു പേര്‍ കൊല്ലപ്പെട്ടു

Iran launches ballistic missile attack on Israel; Many people are reported to have been killed, Malayalis in israel says that it is a widespread attack
Author
First Published Oct 1, 2024, 10:51 PM IST | Last Updated Oct 2, 2024, 12:49 AM IST

ടെല്‍ അവീവ്: അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേലിലെ പരക്കെ അതിശക്തമായ ആക്രമണമാണ് നടക്കുന്നതെന്ന് ഇസ്രായേലിലുള്ള മലയാളികള്‍ പ്രതികരിച്ചു. ജോര്‍ദാനിലും മിസൈല്‍ ആക്രമണം ഉണ്ടായതായി മലയാളികള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലുള്ളവര്‍ വീടുകളിലും മറ്റുമായുള്ള സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ആക്രമണം തുടരുകയാണെന്നുമാണ് വിവരം. മിസൈല്‍ ആക്രമണത്തിൽ ഇതുവരെ കാര്യമായ ആള്‍നാശമുണ്ടായിട്ടില്ലെന്നാണ് ഇസ്രായേൽ അറിയിക്കുന്നത്. ഇസ്രായേലിന്‍റെ അയണ്‍ ഡോം മിസൈലുകളെ പ്രതിരോധിച്ചുവെന്ന വിവരം ഉള്‍പ്പെടെ പുറത്തുവന്നിട്ടില്ലെങ്കിലും ആക്രമണത്തിൽ ചിലര്‍ക്ക് പരിക്കേറ്റതൊഴിച്ചാൽ ആള്‍നാശമുണ്ടായില്ലെന്നാണ് ഇസ്രായേൽ പറയുന്നത്.ആക്രമണത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള ആശങ്കയാണ് ഉയരുന്നത്. ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയതായി ഇറാനും സ്ഥിരീകരിച്ചു.ആദ്യഘട്ടത്തിൽ നൂറിലധികം മിസൈലുകളാണ് ഇറാൻ ഇസ്രായേലിനുനേരെ തൊടുത്തുവിട്ടത്. ജോര്‍ദാൻ നഗരങ്ങള്‍ക്ക് മുകളിലൂടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍റെ മിസൈലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിനിടെ, ടെല്‍ അവീവിലെ ജാഫ്നയിൽ അക്രമി ജനക്കൂട്ടത്തിനേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണം ആണെന്ന് കരുതുന്നതായി ഇസ്രായേൽ അധികൃതര്‍ അറിയിച്ചു.

ഇസ്രായേലിലെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേര്‍ന്നു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തിര യോഗം ചേർന്നു. ഇസ്രയേലിനെ സഹായിക്കാൻ അമേരിക്കൻ നടപടികൾ ചർച്ച ചെയ്തു. ഇസ്രായേലിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണമെന്നും ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ്  അറിയിച്ചിരിക്കുന്നത്. 

ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണത്തിന് ഒരുങ്ങുന്നതായി അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷിതമായ ബങ്കറുകളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്ന് ഇസ്രയേലിലെ യുഎസ് എംബസി ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചാൽ ഗുരുതര പ്രത്യാഘാത‌മുണ്ടാകുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നൽകി. ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ തയ്യാറെടുപ്പുകൾക്ക് സജീവ പിന്തുണ നൽകുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂടുതൽ വ്യോമാക്രമണം നടത്തുമെന്ന് ഇസ്രയേൽ അറിയിച്ചു. 

ഹിസ്ബുല്ലയ്‌ക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചതിന് പിന്നാലെയാണ് ഇറാൻ നേരിട്ട് ആക്രമണത്തിന് ഒരുങ്ങുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏപ്രിലിൽ ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ച് ഇസ്രായേലിനെതിരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. അന്ന് നൽകിയ പിന്തുണയ്ക്ക് സമാനമായി ഇറാനിൽ നിന്നുള്ള ഏത് ഭീഷണിയും തടയാൻ ഇസ്രായേലിനെ സഹായിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം, ആഴ്ചകളായി ലെബനനിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവിധയിടങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ല ഉൾപ്പെടെ നിരവധി ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. നസ്റല്ല കൊല്ലപ്പെട്ടതിന് പിന്നാലെ ഹിസ്ബുല്ലയുടെ ഉപനേതാവ് നയിം കാസെം ഇസ്രായേലുമായി ഒരു നീണ്ട യുദ്ധത്തിന് തയ്യാറാണെന്ന് പ്രതിജ്ഞയെടുത്തിരുന്നു. നസ്റല്ലയുടെ മരണത്തിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസംഗത്തിൽ ലെബനനെ പ്രതിരോധിക്കാൻ ഹിസ്ബുല്ലയുടെ പോരാളികൾ തയ്യാറാണെന്നും ഇസ്രായേൽ കര ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്നും കാസെം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 


എണ്ണ വില ഉയരുന്നു

ഇറാൻ്റെ ആക്രമണ വാർത്തയ്ക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയും കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ അഞ്ചു ശതമാനത്തിന്‍റെ വര്‍ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇസ്രായേലിൽ ഇറാൻ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വില വര്‍ധനവ്.

 

ഇസ്രായേലിനോട് നേരിട്ട് ഏറ്റുമുട്ടാൻ ഇറാൻ; മിസൈൽ ആക്രമണം നടത്തിയേക്കും, മുന്നറിയിപ്പുമായി അമേരിക്ക

 

Latest Videos
Follow Us:
Download App:
  • android
  • ios