സാക്വസ് നഗരത്തിലെ സിന്ദാൻ സ്ക്വയറിൽ തടിച്ചുകൂടിയ ആളുകൾക്ക് നേരെ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിക്കുകയും വെടിയുതിർക്കുകയും ചെയ്തു
ടെഹ്റാൻ : മതകാര്യ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 22 കാരിയായ മഹ്സ അമീനി മരിച്ചതിന്റെ 40ാം ദിവസം ഖബറിടത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർക്ക് നേരെ വെടിയുതിർത്ത് ഇറാൻ സുരക്ഷാ സേന. പതിനായിരക്കണക്കിന് പേരാണ് മഹ്സയുടെ ഓർമ്മയിൽ ഖബറിടത്തിൽ തടിച്ച് കൂടിയത്. അമിനിയുടെ ശവകുടീരത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ പടിഞ്ഞാറൻ കുർദിസ്ഥാൻ പ്രവിശ്യയിലെ സക്കസിലേക്ക് ആളുകൾ ഒഴുകിയെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സാക്വസ് നഗരത്തിലെ സിന്ദാൻ സ്ക്വയറിൽ തടിച്ചുകൂടിയ ആളുകൾക്ക് നേരെ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിക്കുകയും വെടിയുതിർക്കുകയും ചെയ്തുവെന്ന് ഇറാനിലെ കുർദിഷ് പ്രദേശങ്ങളിലെ അവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്ന നോർവേ ആസ്ഥാനമായുള്ള ഹെൻഗാവ് എന്ന സംഘം ട്വീറ്റ് ചെയ്തു.
2,000-ത്തോളം ആളുകളാണ് സഖേസിൽ തടിച്ചുകൂടിയതെന്നും ഇവർ "സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം" എന്ന് മുദ്രാവാക്യം മുഴക്കിയാണ് ആയിരങ്ങൾ അമീനിയുടെ ചരമ ദിനത്തിൽ തെരുവിലിറങ്ങിയതനെന്ന് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ മറ്റ് നഗരങ്ങളിലും അമീനി അനുസ്മരണ ചടങ്ങുകൾ നടന്നു. സംഭവത്തിൽ അക്രമ സാധ്യത കണക്കിലെടുത്ത് സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി നൽകിയിരുന്നു. ശിരോവസ്ത്രങ്ങൾ ഊരിയെറഞ്ഞും മുദ്രാവാക്യം വിളിച്ചും ആളുകൾ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചു.
സ്ത്രീകൾക്കുള്ള ഇസ്ലാമിക വസ്ത്രധാരണ രീതി ലംഘിച്ചുവെന്നാരോപിച്ച് ടെഹ്‌റാനിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്ത കുർദിഷ് വംശജയായ
മഹ്സ അമീനി മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബർ 16 നാണ് മരിച്ചത്. അമീനിയുടെ മരണം രാജ്യത്ത് വലിയ പ്രക്ഷോഭത്തിനാണ് തുടക്കമിട്ടത്. വിവിധ നഗരങ്ങളിലായി സെപ്തംബർ 17 ന് ആരംഭിച്ച പ്രതിഷേധങ്ങളിൽ ഇതുവരെ 250 ഓളം പേരാണ് മരിച്ചത്. മനുഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്റ്റുകളും അടക്കം അറുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ വിചാരണ ഉടൻ ആരഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Read More : ഇറാനിൽ മഹ്സയ്ക്ക് പിന്നാലെ നജാഫിയും; കൊല്ലപ്പെട്ടത് വെടിയേറ്റ്, ശരീരത്തിൽ ആറ് വെടിയുണ്ടകൾ
ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. മഹ്സയുടെ മരണത്തിന് പിന്നാലെ കുര്‍ദ് ജനസംഖ്യയുള്ള മേഖലകളിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് മറ്റ് നഗരങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിക്കുകയായിരുന്നു.
Read More : ഭരണകൂടത്തെ അനുകൂലിച്ച് പാടിയില്ല, ഇറാനിൽ സുരക്ഷാ സേനയുടെ മർദ്ദനമേറ്റ വിദ്യാർത്ഥിനി മരിച്ചു
