യുഎസ് ഉടമസ്ഥതയിലുള്ള സഫീസിയ വിഷ്ണു എന്ന എണ്ണക്കപ്പലിനെ ഇറാൻ അണ്ടർവാട്ടർ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചു. ഇറാഖിലെ ബസ്രയ്ക്ക് സമീപം നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പേർഷ്യൻ ഗൾഫിൽ രണ്ട് കപ്പലുകൾക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ ഏറ്റെടുത്തു.

ദില്ലി: അമേരിക്കയുടെ ചരക്കുകപ്പലായ സഫീസിയ വിഷ്ണുവിനെ ഇറാൻ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇറാനിയൻ സൈന്യം വിക്ഷേപിച്ച അണ്ടർവാട്ടർ ഡ്രോൺ സഫീസിയ വിഷ്ണു എന്ന കപ്പലിൽ ഇടിപ്പിച്ചാണ് ആക്രമണം നടത്തിയത്. ഒരു രക്ഷാ കപ്പലിൽ നിന്ന് പകർത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തായത്. ആക്രമണത്തിൽ കത്തി ജ്വലിക്കുന്ന കപ്പലിന്റെ ദൃശ്യമാണ് പുറത്തുവിട്ടത്. ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ ക്രൂ കൊല്ലപ്പെട്ടിരുന്നു. കപ്പലിലെ മറ്റുള്ളവർ രക്ഷപ്പെട്ടു. ഇറാഖിലെ ബസ്രയ്ക്ക് സമീപമാണ് യുഎസ് ഉടമസ്ഥതയിലുള്ള ക്രൂഡ് ഓയിൽ ടാങ്കർ ആക്രമിക്കപ്പെട്ടത്. പേർഷ്യൻ ഗൾഫിലെ രണ്ട് കപ്പലുകളിൽ ഏകോപിപ്പിച്ച അണ്ടർവാട്ടർ ഡ്രോൺ ആക്രമണമാണെന്ന് ഇറാൻ അവകാശപ്പെട്ടു.

യുഎസ് ആസ്ഥാനമായുള്ള സഫെസിയ ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതുമായ സഫെസിയ വിഷ്ണു, ഗ്രീസ് ആസ്ഥാനമായുള്ള മാൾട്ടീസ് പതാകയുള്ള കപ്പലും ആക്രമിക്കപ്പെട്ടു. രണ്ട് കപ്പലുകളെയും ആക്രമിച്ചത് വെള്ളത്തിനടിയിലുള്ള ഡ്രോണുകളാണെന്ന് ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഐആർഐബി പറഞ്ഞു. ഇന്ത്യൻ ക്രൂ അം​ഗം കൊല്ലപ്പെട്ടതായി ബാഗ്ദാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ശേഷിക്കുന്ന ഇന്ത്യൻ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അറിയിച്ചു.

ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം സഞ്ചരിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകളെ ലക്ഷ്യമിടുമെന്ന് ഇറാൻ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കടലിടുക്കിലെ സാധ്യതയുള്ള ഭീഷണികളെ നേരിടാൻ അമേരിക്കൻ സേന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അറിയിച്ചു.

Scroll to load tweet…