Asianet News MalayalamAsianet News Malayalam

യുക്രൈൻ വിമാനം വെടിവച്ചിട്ടതിൽ ആളുന്ന ജനരോഷം: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം

യുക്രൈൻ യാത്രാവിമാനം വെടിവച്ചിട്ടതാണെന്നും, അബദ്ധത്തിൽ സംഭവിച്ചതാണെന്നും സൈന്യം തുറന്നു സമ്മതിച്ചിരുന്നു. ഇതോടെ രാജ്യത്ത് പ്രതിഷേധം കത്തുകയാണ്. വിമാനാപകടത്തിൽ മരിച്ച 176 പേരിൽ ഭൂരിപക്ഷവും ഇറാൻ പൗരൻമാർ തന്നെയാണ്.

iran ukraine plane crash second day of protests turns up heat on leaders
Author
Tehran, First Published Jan 13, 2020, 6:21 AM IST

ടെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഹസ്സൻ റൂഹാനിയടക്കം മുതിർന്ന നേതാക്കൾ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇറാനിൽ തുടങ്ങിയ പ്രതിഷേധം കത്തുന്നു. യുക്രൈനിന്‍റെ യാത്രാ വിമാനം ഇറാൻ സൈന്യം തന്നെ വെടിവച്ചിട്ടതാണെന്ന് ഭരണകൂടം തുറന്ന് സമ്മതിച്ചതോടെയാണ് രാജ്യതലസ്ഥാനത്ത് അടക്കം പ്രതിഷേധം അലയടിച്ച് തുടങ്ങിയത്. വിമാനാപകടത്തിൽ കൊല്ലപ്പെട്ട 176 പേരിൽ ഭൂരിഭാഗവും ഇറാൻ പൗരൻമാർ തന്നെയാണ്. സ്വന്തം പൗരൻമാർക്ക് രാജ്യത്ത് സുരക്ഷയില്ലെങ്കിൽ പിന്നെ ആർക്ക് സുരക്ഷ നൽകാനാണ് സൈന്യമെന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ചോദ്യം.

ബുധനാഴ്ച ടെഹ്റാനിലെ ഇമാം ഖൊമൈനി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യുക്രൈൻ വിമാനമായ PS 752 പെട്ടെന്ന് തകർന്ന് വീഴുകയായിരുന്നു. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പോവുകയായിരുന്നു 176 യാത്രക്കാരുള്ള വിമാനം. അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് ഇറാഖിൽ ഇറാൻ വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കകമായിരുന്നു സംഭവം. അമേരിക്ക വധിച്ച ഇറാനിലെ ഉന്നത സൈനിക കമാൻഡർ കാസിം സൊലേമാനിയുടെ മരണത്തിന് പ്രതികാരമായിട്ടായിരുന്നു ഇറാന്‍റെ നടപടി. ആക്രമണത്തിൽ '80 യുഎസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു' എന്നായിരുന്നു ഇറാന്‍റെ അവകാശവാദം. ഇതിന് തൊട്ടുപിന്നാലെ യുക്രൈൻ വിമാനം ഇറാനിൽ തകർന്നുവീണപ്പോൾ, അമേരിക്ക തിരിച്ചടിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ ഇറാൻ സർക്കാർ അത്തരത്തിലുള്ള ഒരു ആരോപണവും ഉന്നയിച്ചില്ല. ആദ്യമേ തന്നെ ഇതൊരു അപകടമാണെന്ന വാദമാണ് ഉന്നയിച്ചത്. പക്ഷേ, അതിനെതിരെ അമേരിക്കയടക്കം രംഗത്തെത്തി. ഇറാൻ തന്നെയാണ് വിമാനം വെടിവച്ചിട്ടതെന്ന് അമേരിക്ക ആരോപിച്ചു.

പിന്നീട്. മണിക്കൂറുകൾക്കകം, ഇറാൻ തന്നെ ആ ദുരന്തം ഒരു 'കയ്യബദ്ധ'മാണെന്ന് തുറന്ന് സമ്മതിച്ച് രംഗത്തെത്തുകയായിരുന്നു. അമേരിക്കയുടെ പ്രത്യാക്രമണമാണെന്ന് കരുതി അറിയാതെയാണ് വിമാനത്തിന് നേരെ വെടിയുതിർത്തതെന്നും ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്‍സിന്‍റെ കമാൻഡർ ഇൻ ചീഫ് ജനറൽ ഹസ്സൻ സലാമി തുറന്ന് സമ്മതിച്ചു. എത്രയും പെട്ടെന്ന് ഇതിൽ നടപടിയുണ്ടാകുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും റവല്യൂഷണറി ഗാർഡ്സ് പറഞ്ഞെങ്കിലും ഇത് ഇറാനിലുണ്ടാക്കിയത് വൻ ജനരോഷമാണ്. തകർന്നുവീണ യുക്രൈൻ വിമാനത്തിൽ 82 ഇറാൻ പൗരൻമാർക്ക് പുറമേ, കാനഡയിൽ നിന്ന് 63 പേരും, യുക്രൈനിൽ നിന്ന് 11, സ്വീഡനിൽ നിന്ന് 10, അഫ്ഗാനിസ്ഥാനിൽ നിന്ന് നാല്, ജർമനിയിൽ നിന്നും യുകെയിൽ നിന്നും മൂന്ന് വീതം പൗരൻമാരുമാണ് ഉണ്ടായിരുന്നത്.  

കാസിം സൊലേമാനിയുടെ വധത്തിലൂടെ, ഇറാനിയൻ ജനത സർക്കാരിനൊപ്പം നിൽക്കുന്നുവെന്ന പ്രതീതിയുണ്ടായിരുന്നു. എന്നാൽ നേരത്തേ ഇന്ധനവിലവർദ്ധനയുടെ പേരിൽ വൻ പ്രക്ഷോഭങ്ങൾ അരങ്ങേറിയ ഇറാനിൽ ഇപ്പോൾ വീണ്ടും ജനരോഷം ഇരമ്പുകയാണ്. പതിനായിരങ്ങളാണ് കൊല്ലപ്പെട്ട പൗരൻമാർക്ക് നീതിവേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. 

സൊലേമാനിയുടെ വധത്തിന് പിന്നാലെയുണ്ടായ ആ ജനപ്രീതി വീണ്ടും കുത്തനെ ഇടിഞ്ഞുവെന്നാണ് പ്രതിഷേധങ്ങൾ സൂചിപ്പിക്കുന്നത്. പ്രതിഷേധങ്ങളുടെ മുൻനിരയിലുള്ളത് വിദ്യാർത്ഥികളാണ്. ടെഹ്റാനിൽ യൂണിവേഴ്‍സിറ്റി വിദ്യാർത്ഥികൾ ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമനേയിക്ക് എതിരെയടക്കം മുദ്രാവാക്യങ്ങൾ മുഴക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. 

ഇതിൽ ''സൊലേമാനി കൊലയാളിയായിരുന്നു, അയാളുടെ നേതാവ് അലി ഖമനേയിയും കൊലയാളിയാണ്'' എന്നടക്കമുള്ള മുദ്രാവാക്യങ്ങളുണ്ട്. 

Tehran: University students chanting “Soleimani is a murderer. His leader, Ali Khamenei is also a murderer.” Protest by thousands of Iranians in Tehran burst the propaganda balloon of the regime regarding Qassem Soleimani’s elimination. #Iran #IranPlaneCrash Via #MEK network. pic.twitter.com/n0hmasMSgj

— Shahin Gobadi (@gobadi) January 11, 2020

പ്രതിഷേധക്കാരെ പിരിച്ചുവിടാനായി സുരക്ഷാസേന ടിയർഗ്യാസ് പ്രയോഗിച്ചു. പലയിടങ്ങളിലും ലാത്തിച്ചാർജും നടത്തി. 

And here comes the tear gas-> #Tehran, #Iran, #UkranianPlaneCrash #IranPlaneCrash pic.twitter.com/8ka3USC04l

— Bahman Kalbasi (@BahmanKalbasi) January 11, 2020

അതേസമയം, രാജ്യത്തെ ഔദ്യോഗികപത്രമായ 'ഇറാൻ' പോലും ഈ വിമാനാപകടത്തെ വിശേഷിപ്പിച്ചത് 'മാപ്പർഹിക്കാത്തത്' എന്നാണ്.

صفحه نخست روزنامه ایران
یکشنبه ۲۲ دی ماه ۱۳۹۸

نابخشودنی..

*تیتر یک «روزنامه ایران» پس از اعلام علت سقوط سه روز پیش هواپیمای اوکراینی

*همراه با گرامیداشت یاد و نام قربانیان پرواز هواپیمایی اوکراین باانتشار اسامی تمام جانباختگان ایرانی و خارجی در صفحه اول pic.twitter.com/BEz8aTE9nd

— روزنامه ایران (@IranNewspaper) January 11, 2020

തകർന്ന് വീണ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ പരിശോധിക്കാൻ കാനഡയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പ്രതിനിധിസംഘം ടെഹ്റാനിലെത്തിയിട്ടുണ്ട്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടക്കമുള്ളവർ ഇറാൻ സൈന്യത്തിന്‍റെ നടപടിയെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. രാജ്യാന്തരതലത്തിലുള്ള ഈ രോഷം മനസ്സിലാക്കുന്ന ഇറാൻ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ അതേപോലെയുണ്ടെന്നും, ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ബ്ലാക് ബോക്സ് അടക്കമുള്ള വസ്തുക്കൾ കൈമാറാൻ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ അമേരിക്കയ്ക്ക് ബ്ലാക്ക് ബോക്സ് ഒരിക്കലും കൈമാറില്ലെന്നായിരുന്നു ഇറാൻ വ്യക്തമാക്കിയിരുന്നത്. 

Follow Us:
Download App:
  • android
  • ios