ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആക്രമിക്കപ്പെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്നും പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ വ്യക്തമാക്കി. ലറക് ദ്വീപിലെ അമേരിക്കൻ ആക്രമണത്തിനും ജോർദാനിലെ ഇറാൻ്റെ തിരിച്ചടിക്കും ശേഷമാണ് പ്രസ്താവന

ബിഷ്കെക്ക്: ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും അത് മേഖലയ്ക്ക് ഗുണകരമായിരിക്കില്ലെന്നും ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡണ്ട് മുന്നറിയിപ്പ് നൽകി. ലറക് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളും ജോർദാനിലെ രണ്ട് വ്യോമതാവളങ്ങളിലെ ഇറാന്‍റെ തിരിച്ചടിക്കും പിന്നാലെയാണ് പെസഷ്കിയാൻ നിലപാട് ആവർത്തിച്ച് രംഗത്തെത്തിയത്. അതേസമയം പുതിയ ആക്രമണങ്ങളോടെ മേഖലയിൽ വീണ്ടും യുദ്ധ ഭീതി ശക്തമാകുകയാണ്. ഹോർമൂസിലെ ആധിപത്യത്തിനായുള്ള ബല പരീക്ഷണമാണ് പുതിയ സംഘർഷത്തിലേക്കെത്തിയത്.

വീണ്ടും യുദ്ധഭീതി

ഹോർമൂസിൽ മൈനുകൾ സ്ഥീപിക്കുന്ന കേന്ദ്രങ്ങളെയാണ് ലറക് ദ്വീപിൽ ആക്രമിച്ചതെന്നാണ് അമേരിക്കയുടെ പക്ഷം. സൈനികരും സാധാരണക്കാരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലറക് ദ്വീപിലെ ആക്രണത്തിന് ജോർദാനിലെ കിങ് ഹുസൈൻ, അൽ അസറക് വ്യോമതാവളങ്ങൾ ഇറാൻ ആക്രമിച്ചു. യു എ ഇയിലേക്ക് നടത്തിയ ആക്രമണ ശ്രമം തകർത്തെന്ന് യു എ ഇ അറിയിച്ചു. ഉത്തരവാദി ഇറാനെന്നും പ്രതികരിക്കാൻ അവകാശമുണ്ടെന്നും യു എ ഇ മുന്നറിയിപ്പും നൽകി. ചർച്ചകൾക്കൊടുവിൽ ഹോർമൂസ് തുറക്കാൻ വഴിയൊരുങ്ങുന്നതിന് ഇടയിലാണ് നാടകീയ നീക്കങ്ങളുണ്ടായത്. ഹോർമൂസ് തങ്ങൾ തുറന്നതായി അമേരിക്ക അവകാശപ്പെട്ടതോടെ ഇറാനും ചർച്ചകളിൽ നിന്ന് പിന്തിരിയുകയായിരുന്നു. ഇന്നലെ അമേരിക്കൻ സഹായത്തോടെ ഹോർമൂസ് കടക്കാൻ ശ്രമിച്ച കൂറ്റൻ ടാങ്കർ മൈനിൽ തട്ടി തീപിടിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഹോർമൂസിലെ ബല പരീക്ഷണം നീണ്ടാൽ സംഘർഷവും നീളും. ഇറാന്റെ എണ്ണ ഹബ്ബായ ഖർഗ് ദ്വീപ് തകർക്കുന്ന എ ഐ വീഡിയോ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പങ്കുവെച്ചതും പുതിയ പ്രകോപനമായിട്ടുണ്ട്.

മസൂദ് പെസെഷ്കിയനുമായി മോദിയുടെ കൂടിക്കാഴ്ച

അതേസമയം പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച നടത്തി. ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി (എസ് സി ഒ) യുടെ ഇടവേളയിലാണ് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയും ചർച്ചയിൽ പങ്കെടുത്തു. സംഘർഷത്തിൽ ഉൾപ്പെട്ട വിവിധ കക്ഷികളുമായി വിശാല ബന്ധമാണ് ഇന്ത്യയ്ക്കുള്ളതെന്ന് പെസഷ്കിയൻ ചൂണ്ടിക്കാട്ടി. ഇസ്രായേലിനോട് അടക്കം ഇന്ത്യയുടെ ബന്ധമാണ് ഇറാൻ ഇതിലൂടെ സൂചിപ്പിച്ചത്. ഈ സ്വാധീനം സംഘർഷം അവസാനിപ്പിക്കാൻ പ്രയോജനപ്പെടുമെന്നും ഇതിനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തണമെന്നും ഇറാൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. സാധാരണക്കാർക്ക് എതിരെയുള്ള ആക്രമണം അംഗീകരിക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി. സമാധാനം ആഗ്രഹിക്കുന്ന വ്യക്തിയാണ് താങ്കൾ എന്നാണ് താൻ മനസ്സിലാക്കിയതെന്നും മോദി പെസഷ്കിയനോട് പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്ത മോദി, പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു.

YouTube video player