ഇറാൻ സംഘർഷം മൂലമുണ്ടായ ആഗോള ഊർജപ്രതിസന്ധി ബ്രിട്ടനിലെ ബിയർ വില വർധനവിന് കാരണമാകുന്നു. ഇന്ധന, ഗ്യാസ് വില ഉയർന്നതോടെ ബിയർ നിർമ്മാണത്തിനും വിതരണത്തിനും പബ്ബുകളുടെ പ്രവർത്തനത്തിനും ചെലവേറി. ഇത് ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ പണം ഈടാക്കാൻ പബ്ബ് ഉടമകളെ നിർബന്ധിതരാക്കും, പ്രത്യേകിച്ച് ചെറുകിട സ്ഥാപനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.

ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജപ്രതിസന്ധി ബ്രിട്ടനിലെ ബിയര്‍ പ്രേമികളുടെ പോക്കറ്റ് ചോര്‍ത്തുന്നു. യുദ്ധ സാഹചര്യങ്ങള്‍ കാരണം ഇന്ധനവില വര്‍ധിച്ചതോടെ, രാജ്യത്തെ പബ്ബുകളില്‍ ബിയര്‍ വില ഉടന്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 103 ഡോളറിലേക്ക് ഉയര്‍ന്നു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസപ്പെട്ടതും ഊര്‍ജ നിലയങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളുമാണ് വിലക്കയറ്റത്തിന് കാരണമായത്. യൂറോപ്പിലെ ഗ്യാസ് വിലയിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.

തിരിച്ചടി എല്ലായിടത്തും

ബിയര്‍ നിര്‍മ്മാണത്തെയും വിതരണത്തെയും ഈ പ്രതിസന്ധി നേരിട്ട് ബാധിക്കും. പ്രധാനമായും മൂന്ന് ഘട്ടങ്ങളിലാണ് വിലക്കയറ്റം പബ്ബുകളെ തളര്‍ത്തുന്നത്. ബിയര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും അവ തണുപ്പിച്ചു സൂക്ഷിക്കുന്നതിനും വലിയ തോതില്‍ വൈദ്യുതിയും ഗ്യാസും ആവശ്യമാണ്. ഇതിന്റെ ചെലവ് കുത്തനെ കൂടി. ഇന്ധനവില കൂടിയതോടെ പബ്ബുകളിലേക്ക് ബിയര്‍ എത്തിക്കുന്നതിനുള്ള ചെലവ് വര്‍ധിച്ചു. പബ്ബുകളിലെ ലൈറ്റിംഗ്, ഹീറ്റിംഗ്, ഫ്രിഡ്ജുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവ് കൂടുന്നത് ഉടമകളെ വലയ്ക്കുന്നു. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ബിയര്‍ വിലയില്‍ ഈ മാറ്റം പ്രകടമാകും. വലിയ ലാഭമില്ലാതെ പ്രവര്‍ത്തിക്കുന്ന പബ്ബുകള്‍ക്ക് ഈ അധികച്ചെലവ് താങ്ങാനാവില്ല. അതുകൊണ്ട് തന്നെ ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കാനും നിര്‍ബന്ധിതരാകും

ചെറുകിടക്കാര്‍ക്ക് കഷ്ടകാലം

വലിയ കമ്പനികള്‍ക്ക് കരാറുകള്‍ വഴി ഒരു പരിധിവരെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെങ്കിലും, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ചെറിയ പബ്ബുകളെയും പ്രാദേശിക ബിയര്‍ നിര്‍മ്മാതാക്കളെയും ഈ പ്രതിസന്ധി തകര്‍ക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ തന്നെ കുറഞ്ഞ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവരില്‍ പലര്‍ക്കും പബ്ബുകള്‍ അടച്ചുപൂട്ടേണ്ടി വരും എന്നാണ് സൂചന.