അമേരിക്കയുമായി സമാധാന ചർച്ച നടത്തിയ ഇറാൻ പ്രതിനിധി സംഘത്തിന് രാജ്യത്ത് രൂക്ഷ വിമർശനം. എന്നാൽ ചർച്ചകൾ ലെബനനിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കിയെന്ന് പാർലമെന്റ് സ്പീക്കർ പ്രതികരിച്ചു. ചർച്ചയുടെ ഫലമായി ഇറാനുള്ള കയറ്റുമതി വിലക്ക് അമേരിക്ക താൽക്കാലികമായി നീക്കി
ടെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പങ്കെടുത്ത ഇറാൻ പ്രതിനിധി സംഘത്തിനെതിരെ രാജ്യത്തിനകത്ത് യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും രൂക്ഷവിമർശനം. ചർച്ചാ സംഘത്തിന്റെ യാത്ര മുടങ്ങാനായി വിമാനത്താവളം അടഞ്ഞുകിടന്നിരുന്നെങ്കിൽ എന്ന് തങ്ങൾ ആഗ്രഹിച്ചുപോയെന്ന ഔദ്യോഗിക റേഡിയോ ആൻഡ് ടെലിവിഷൻ നെറ്റ്‌വർക്കായ ഐ ആർ ഐ ബിയടക്കം കടുത്ത വിമർശനമാണ് ഉയർത്തുന്നത്. വിമർശനം ശക്തമായതോടെ ചർച്ചകൾക്ക് നേതൃത്വം നൽകിയ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖേർ ഖാലിബാഫ് രംഗത്തെത്തി. അമേരിക്കയുമായുള്ള ഈ ചർച്ച നടന്നിരുന്നില്ല എങ്കിൽ ലെബനനിൽ ഇതിനകം കൂടുതൽ മുസ്‌ലിം രക്തം വീഴുമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും ഭരണപരമായ കാര്യങ്ങളും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇറാൻ തന്നെ കൈകാര്യം ചെയ്യുമെന്നും സ്പീക്കർ വ്യക്തമാക്കി. ചർച്ചകൾ ഇറാന് നേട്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്‍റെ കയറ്റുമതി വിലക്ക് നീക്കി അമേരിക്ക
അതേസമയം സമാധാന ധാരണയുടെ ഭാഗമായി അന്താരാഷ്ട്ര വിപണിയിലേക്കുള്ള ഇറാന്റെ കയറ്റുമതി വിലക്ക് അമേരിക്ക നീക്കി. അമേരിക്കൻ ട്രഷറി സെക്രട്ടറിയാണ് പ്രഖ്യാപനം നടത്തിയത്. അറുപത് ദിവസത്തേക്കുള്ള താൽക്കാലിക ലൈസൻസാണ് നൽകിയത്. തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് ഇറാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയെ അനുവദിക്കുന്നത് സമ്മതിച്ചതായി അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഇതോടെ ഇറാന്റെ ആണവ പദ്ധതികളുടെ വിവരം ലോകത്തിന് ലഭിക്കും. ഇറാന്റെ പുനർനിർമ്മാണത്തിനുള്ള മുപ്പതിനായിരം കോടി ഡോളർ ഫണ്ട്, ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ എന്നിവ നൽകുന്നതിനുള്ള നടപടികൾക്കും അമേരിക്ക സമ്മതിച്ചു. ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായെന്ന് അമേരിക്കയും, ഉറപ്പുകൾ പാലിക്കുന്നതിന് പകരമായി ഉറപ്പുകൾ തങ്ങളും പാലിക്കുമെന്നാണ് നിലപാടെന്ന് ഇറാനും പറഞ്ഞു. തുടർ നടപടികൾ ഏകോപിപ്പിക്കാൻ ഇരു രാജ്യങ്ങളുടെയും മധ്യസ്ഥ രാഷ്ട്രങ്ങളുടെയും സാങ്കേതിക വിദഗ്ദർ ചർച്ചകൾ തുടരും. ലബനനിലെ സംഘർഷം അവസാനിപ്പിക്കാൻ പ്രത്യേക സെല്ലും രൂപീകരിച്ചു. തർക്കങ്ങളുയർന്നാൽ പരിഹരിക്കാനും സമിതിയുണ്ട്. ഇരു രാഷ്ട്രങ്ങളും ഓരോ വിഷയങ്ങളും ഉന്നയിക്കേണ്ടത് ഇനി മേൽനോട്ടത്തിനായി നിശ്ചയിച്ച ഉന്നതതല സമിതിയെ ആയിരിക്കും.
