ഫുട്ബോള്‍ ഗ്രൌണ്ടിനെ വധശിക്ഷ നടത്താനുള്ള ഇടമാക്കി മാറ്റി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍. ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലാണ് സംഭവമെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നന്‍ജാബ ഗ്രാമത്തില്‍ റെയ്ഡ് നടത്തിയ ഐഎസ് ഭീകരവാദികള്‍ വെള്ളിയാഴ്ചയാണ് അമ്പതോളം പേരുടെ വധശിക്ഷ നടപ്പാക്കിയത്. വീടുകള്‍ക്ക് തീയിട്ട ശേഷമായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ശിരസ് ഛേദിച്ച ശേഷം മൃതദേഹം വെട്ടിനുറുക്കിയതായാണ് റിപ്പോര്‍ട്ട്

മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ 2017മുതല്‍ നടത്തുന്ന ആക്രമണ പരമ്പരകളില്‍ ഒടുവിലത്തേതാണ് ഇത്. മുസ്ലിം വിഭാഗങ്ങള്‍ താമസിക്കുന്ന ഈ മേഖലയില്‍ 2000 പേരോളമാണ് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാലുലക്ഷത്തോളം പേര്‍ക്കാണ് വീടുകള്‍ നഷ്ടമായത്. മേഖലയില്‍ ഇസ്ലാമിക് ഭരണം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ ആക്രമണങ്ങളെന്നാണ് വിലയിരുത്തുന്നത്. 

<p>File image: Mozambique’s army has admitted it is ill-equipped to tackle the Isis insurgency on its own&nbsp;</p>

ഈ മേഖലയില്‍ നിന്ന് പട്ടിണി മൂലം വലയുന്ന നിരവധി യുവാക്കളെയാണ് ഐഎസിലേക്ക് ചേര്‍ത്തിട്ടുള്ളത്. സമീപകാലത്ത് നടന്ന ഏറ്റവും ക്രൂരമായ സംഭവമായാണ് ഈ വധശിക്ഷയെ വിലയിരുത്തുന്നത്.നിരവധി സ്ത്രീകളെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായും മൊസാംബിക്കിലെ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമത്തിലെ വീടുകള്‍ ആക്രമിച്ച് അഗ്നിക്കിരയാക്കാനുള്ള ശ്രമങ്ങള്‍ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ആളുകളെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലില്‍ മൊസാംബിക്കില്‍ അമ്പതോളം പേരെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.