പ്രാദേശിക വെടിനിർത്തൽ കരാർ റദ്ദായതിനെ തുടർന്ന് പോരാട്ടം കൂടുതൽ ശക്തമായിരുന്നു. രാഷ്ട്രീയ തലത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി പ്രദേശത്ത് തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചു.

ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ സൈനിക ആസ്ഥാനത്തിന് നേരെ ഇസ്രായേൽ ആക്രമണം. ബുധനാഴ്ച വൈകുന്നേരമാണ് ഇസ്രായേൽ സൈന്യം നേരിട്ട് ആക്രമണം നടത്തിയത്. ആക്രമണത്തിൽ സൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടം പൊട്ടിത്തെറിച്ചു. തെക്കൻ സിറിയയിലെ ഡ്രൂസ് സിവിലിയന്മാർക്കെതിരെ സിറിയൻ ഭരണകൂടം സ്വീകരിച്ച നടപടികൾക്കുള്ള മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. 

പ്രാദേശിക വെടിനിർത്തൽ കരാർ റദ്ദായതിനെ തുടർന്ന് പോരാട്ടം കൂടുതൽ ശക്തമായിരുന്നു. രാഷ്ട്രീയ തലത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി പ്രദേശത്ത് തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചു. വടക്കൻ അതിർത്തിയിൽ സംഘർഷം വർധിച്ചുവരുന്നതിനാൽ ജാഗ്രത പാലിക്കുന്നുണ്ടെന്നും പറഞ്ഞു. ഇസ്രയേലിന്റെ വടക്കൻ അതിർത്തിക്ക് സമീപം വാഹനവ്യൂഹങ്ങളെ തടസ്സപ്പെടുത്തുന്നതിനും ഭീഷണികൾ തടയുന്നതിനുമുള്ള മറുപടിയായിട്ടാണ് സിറിയൻ പ്രതിരോധ മന്ത്രാലയത്തിന് സമീപമുള്ള സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. 

ഡ്രൂസ് ജനതയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമാക്രമണം നടത്തിയതെന്നും ഇസ്രായേൽ വ്യക്തമാക്കി. ഡമാസ്കസിലെ സിറിയൻ പ്രതിരോധ മന്ത്രാലയത്തിന് സമീപം ഇസ്രായേൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളും സ്ഥിരീകരിച്ചു.