ഇറാനെതിരായ ആക്രമണം തുടരാൻ പ്രധാന ലോകരാജ്യങ്ങളുമായി പുതിയ സൈനിക-നയതന്ത്ര സഖ്യം രൂപീകരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇറാന്റെ ആണവ പദ്ധതികളും പ്രാദേശിക സ്വാധീനവും നേരിടാൻ ലക്ഷ്യമിടുന്ന ഈ നീക്കം, അമേരിക്കയ്ക്ക് പുറമെയുള്ള ആഗോള ശക്തികളെക്കൂടി ഉൾപ്പെടുത്തി ഇസ്രായേലിന്റെ സഖ്യം വിപുലീകരിക്കുന്നു

ജെറുസലേം: ഇറാനെതിരായ ആക്രമണം തുടരാനായി ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളുമായിപുതിയ സൈനിക-നയതന്ത്ര സഖ്യം രൂപീകരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇന്ന് നടന്ന സുരക്ഷാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ ഏതൊക്കെ രാജ്യങ്ങളായുമായാണ് പുതിയ സഖ്യം സ്ഥാപിക്കുന്നതെന്ന് നെതന്യാഹു വെളിപ്പെടുത്തിയില്ല. ഏഷ്യയിലെയും യൂറോപ്പിലെയും പ്രമുഖ ശക്തികളുമായി ഇസ്രായേൽ ചർച്ചകൾ നടത്തിയതായാണ് അദ്ദേഹം യോഗത്തിൽ അറിയിച്ചത്.

ഇറാന്റെ ആണവ പദ്ധതികളും പ്രാദേശികമായ ഇടപെടലുകളും ലോകസമാധാനത്തിന് ഭീഷണിയാണെന്നും, ഇത് നേരിടാൻ ഇസ്രായേൽ ഒറ്റയ്ക്കല്ലെന്നും നെതന്യാഹു പറഞ്ഞു. പുതിയ സഖ്യങ്ങൾ വഴി അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ കൈമാറുന്നതിനും സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തുന്നതിനും പദ്ധതിയുണ്ട്. അമേരിക്കയുമായുള്ള ബന്ധം ശക്തമായി തുടരുമ്പോൾ തന്നെ, മറ്റ് ആഗോള ശക്തികളെ കൂടി ഉൾപ്പെടുത്തി ആക്രമണ സഖ്യം വിപുലീകരിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. എന്നാൽ അമേരിക്കയുടെ നിലപാടിൽ ഇപ്പോൾ മാറ്റമുണ്ട്. അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ ഇറാനെതിരെയാ യുദ്ധത്തിൽ നിന്ന് കരാറില്ലാതെ തന്നെ പിന്മാറാൻ ആലോചിക്കുന്നുവെന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രസ്താവിച്ചത്.

ഇറാനുമായുള്ള സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതിന് പിന്നാലെയാണ് കൂടുതൽ ആഗോള സഖ്യങ്ങൾക്കായി ഇസ്രായേൽ നീക്കം നടത്തുന്നത്. മേഖലയിൽ ഇറാന്റെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇസ്രായേലിൻ്റെ നീക്കം. നെതന്യാഹുവിന്റെ ഈ നീക്കം പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. അതേസമയം ഇസ്രായേലിൻ്റെ നീക്കത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.