Asianet News MalayalamAsianet News Malayalam

'ഓരോ 10 മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു'; ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ലോകാരോഗ്യ സംഘടന

ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം. കുട്ടികൾക്ക് നേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോൺ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.

Israel Hamas War latest updates WHO says a child is killed every 10 minutes in Gaza nbu
Author
First Published Nov 11, 2023, 7:11 AM IST

ടെൽഅവീവ്: ഗാസയിൽ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം. കുട്ടികൾക്ക് നേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോൺ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇതിനിടെ വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ നേരെ ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തി. കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയായിരുന്ന നിരവധി പലസ്തീനികളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

ഒക്ടോബർ 7 ന് തുടങ്ങിയ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറയുന്നത്. ഓരോ ദിവസവും ശരാശരി 134 കുട്ടികളാണ് അവിടെ മരിച്ചുവീഴുന്നത്. ഓരോ 10 മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഗാസയിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ലോകത്താകെ നടക്കുന്ന സംഘർഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാർഷിക കണക്കുകളേക്കാൾ മുകളിലാണ്. ഇതിനോടകം പതിനായിരം കടന്ന മരണസംഖ്യയിൽ 40% ത്തിൽ അധികമാണ് കുഞ്ഞുങ്ങൾ.

കഴിഞ്ഞ ദിവസം ഗാസയിലെ ഹമാസ് സൈനികകേന്ദ്രത്തിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സേന അറിയിച്ചിരുന്നു. അമ്പതോളം ഹമാസുകാരെ വധിച്ചുവെന്നാണ് ഐഡിഎഫ് അവകാശപ്പെട്ടത്. ഗാസ സിറ്റിയിലെ അൽഷിഫ ആശുപത്രിയുടെ അടുത്താണ് ഹമാസ് സൈനിക കേന്ദ്രമെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. 

Also Read: പഠിക്കാൻ പോയ കുഞ്ഞുങ്ങളെല്ലാം മരിച്ചുപോയതുകൊണ്ട് സ്‌കൂളുകൾക്ക് അവധിയുള്ള ഒരു നാട്, കണ്ണീർ കാഴ്ചയാകുന്ന ഗാസ

Follow Us:
Download App:
  • android
  • ios