യുദ്ധം കടുക്കുന്നു; ഹമാസിന്‍റെ സൈനിക ആസ്ഥാനം ആക്രമിച്ചെന്ന് ഇസ്രയേല്‍
അമ്പതോളം ഹമാസുകാരെ വധിച്ചുവെന്നും ഐഡിഎഫ് അവകാശപ്പെടുന്നു. ഗാസ സിറ്റിയിലെ അൽഷിഫ ആശുപത്രിയുടെ അടുത്താണ് ഹമാസ് സൈനിക കേന്ദ്രമെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്.

ടെൽ അവീവ്: ഗാസയിലെ ഹമാസ് സൈനികകേന്ദ്രത്തിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സേന. അമ്പതോളം ഹമാസുകാരെ വധിച്ചുവെന്നും ഐഡിഎഫ് അവകാശപ്പെടുന്നു. ഗാസ സിറ്റിയിലെ അൽഷിഫ ആശുപത്രിയുടെ അടുത്താണ് ഹമാസ് സൈനിക കേന്ദ്രമെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. ദിവസവും നാല് മണിക്കൂർ വെടിനിർത്തൽ ഇടവേളകൾ നടപ്പാക്കാൻ ഇസ്രയേൽ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. വെടിനിർത്തലിന് മൂന്ന് മണിക്കൂർ മുമ്പ് പ്രത്യേക അറിയിപ്പ് നൽകുമെന്നാണ് പ്രഖ്യാപനം.
ഗാസയിൽ ഇതുവരെ 10,812 പേർ കൊല്ലപ്പെട്ടെന്നാണ് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഗാസ സിറ്റിയിലെ അൽ ഖുദ്സ് ആശുപത്രി പരിസരത്തും വെടിവയ്പ്പ് നടക്കുകയാണ്. പതിനാലായിരം പേരാണ് ഈ ആശുപത്രിയിൽ അഭയം തേടിയിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഏഴിന് ശേഷം വെസ്റ്റ് ബാങ്കിൽ 176 പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ തെക്കൻ ഇസ്രയേലിലെ എയിലാറ്റ് നഗരത്തിൽ റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.