ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ആണവ സമിതി അടിയന്തര യോഗം ചേരും
ടെഹ്റാൻ: അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്. ചർച്ചകളുടെ വഴി അമേരിക്ക തകർത്തെന്നും ആണവ നിർവ്യാപന കരാറിനെ ബാധിക്കുമെന്നുമാണ് ഇറാന്‍റെ മുന്നറിയിപ്പ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ആണവ സമിതി അടിയന്തര യോഗം ചേരും.
ഇതിനിടെ, അമേരിക്കൻ നടപടിയിൽ അറബ് രാഷ്ട്രങ്ങൾ ആശങ്ക അറിയിച്ചു. ടെഹറാനിൽ മെട്രോയും ബസ്സുകളും ഉൾപ്പടെ പൊതുഗതാഗതം സൗജന്യമാക്കി. അതേസമയം, സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കുകയാണ് പശ്ചിമേഷ്യൻ രാജ്യങ്ങള്‍. ഇറാനുമേലുള്ള ആക്രമണങ്ങളെ അപലപിച്ചിട്ടുള്ള റഷ്യയെ കാര്യങ്ങൾ ധരിപ്പിക്കാനും പിന്തുണ ഉറപ്പാക്കാനുമായിരിക്കും ഇറാൻ ശ്രമിക്കുക. അമേരിക്കയുമായും യൂറോപ്യൻ നേതാക്കളുമായും ഇനി ചർച്ചയില്ലെന്ന സൂചന ഇറാൻ നൽകിയതാണ്.
ആക്രമണങ്ങൾ ആണവ നിർവ്യാപന ബാധ്യതകളെ ബാധിക്കുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിരുന്നു. അടിയന്തര സുരക്ഷാ കൗൺസിൽ ചേരാനും ആക്രമണങ്ങളിൽ ആണവോർജ ഏജൻസിയുടെ നടപടിക്കും ഇറാൻ ആവശ്യമുയർത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അടിയന്തര യോഗം ചേരും. ആക്രമണം നടന്ന സ്ഥലങ്ങളിൽ ആണവ വികിരണമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ജിസിസി രാഷ്ട്രങ്ങളും ജിസിസി കൂട്ടായ്മയും സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി.
ഇറാനിലെ ആക്രമണത്തെ തുടർന്ന് രാഷ്ട്രങ്ങളിൽ റേഡിയേഷൻ ആശങ്കകളില്ലെന്ന് യുഎഇ, കുവൈത്ത്, സൗദി, ബഹറൈൻ ഉൾപ്പടെ രാഷ്ട്രങ്ങൾ വ്യക്തമാക്കി. ബഹറൈനിൽ മുന്നോരുക്കങ്ങളുടെ ഭാഗമായി 70 ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകി. സ്കൂളുകളും യൂണിവേഴ്സിറ്റികളും ക്ലാസുകൾ ഓൺലൈനാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾ കൂട്ടത്തോടെ ഒഴിയുന്ന ടെഹറാനിൽ ബസ്, മെട്രോ ഉൾപ്പടെ സൗജന്യമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



