Asianet News MalayalamAsianet News Malayalam

'അടുത്ത ഘട്ടം ഉടന്‍'; സൈനികരെ സന്ദർശിച്ച് നെതന്യാഹു 

സൈനികര്‍ തയ്യാറാണോയെന്ന് ചോദിച്ചശേഷമാണ് അടുത്ത ഘട്ടം ഉടന്‍ എന്ന രീതിയില്‍ നെതന്യാഹു മറുപടി നല്‍കിയത്

israel prime minister to troops 'next stage soon', visits the infantry in gaza border
Author
First Published Oct 14, 2023, 10:20 PM IST

ടെല്‍ അവീവ്: ഗാസ അതിർത്തിയിലെ ഇസ്രയേൽ സൈനികരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്ദർശിച്ചു. കര വഴിയുള്ള സൈനിക നടപടി ഉടനെന്ന സൂചന നൽകി നെതന്യാഹു സൈനികരോട് സംസാരിക്കുകയും ചെയ്തു. അടുത്ത ഘട്ടം ഉടൻ എന്നാണ് സൈനികരോട് നെതന്യാഹു പറഞ്ഞത്. സൈനികര്‍ തയ്യാറാണോയെന്ന് ചോദിച്ചശേഷമാണ് അടുത്ത ഘട്ടം ഉടന്‍ എന്ന രീതിയില്‍ നെതന്യാഹു മറുപടി നല്‍കിയത്. ഗാസ അതിര്‍ത്തിയിലെ ഇസ്രയേല്‍ സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ബെഞ്ചമിന്‍ നെതന്യാഹു എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. ഞങ്ങള്‍ എല്ലാവരും സജ്ജം എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

കരയിലൂടെ വടക്കന്‍ ഗാസയിലേക്ക് യുദ്ധം ആരംഭിക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് നെതന്യാഹുവിന്‍റെ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്നും ഗാസ തുടച്ചുനീക്കുമെന്നും കഴിഞ്ഞ ദിവസം ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ആവശ്യം ഒരുഭാഗത്ത് ശക്തമാകുമ്പോഴാണ് കൂടുതല്‍ സൈനിക നടപടികളിലേക്ക് ഇസ്രയേല്‍ കടക്കുന്നത്. ഇതിനിടെ, 
ഗാസയിൽ ഇതുവരെ 28 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പലസ്തീനിലെ ഇസ്രയേലിന്‍റെ സൈനിക നടപടി ശക്തമായ വിയോജിപ്പുമായി സൗദിയും നേരത്തെ രംഗത്തെത്തിയിരുന്നു. പലസ്തീൻ പൗരന്മാരോട് നിർബന്ധമായി ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട ഇസ്രയേൽ നടപടി സൗദി തള്ളി.  ഗസയ്ക്ക് മേൽ ഉപരോധം അവസാനിപ്പിക്കണം എന്നും സൗദി ആവശ്യപ്പെട്ടു. സൗദിയിൽ എത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ളിങ്കനുമായി നടത്തിയ ചർച്ചയിൽ സൗദി വിദേശകാര്യ മന്ത്രി ഗാസയിൽ വെടി നിർത്തൽ നടപ്പാക്കുന്നത് ഉന്നയിച്ചു.

മാനുഷിക ദുരന്തം ഒഴിവാക്കാൻ മുൻഗണന നൽകണം എന്നാണ് സൗദി നിലപാട്. സംഘർഷം ഒഴിവാക്കാൻ അന്താരാഷ്ട്ര ഇടപെടൽ വേണം എന്ന് യു. എൻ സെക്യൂരിറ്റി കൗൺസിലിന് മുന്നിലും സൗദി നിലപാട് വ്യക്തമാക്കി.അതേസമയം, ഇസ്രയേൽ-പലസ്തിൻ യുദ്ധത്തിന്റെ പശ്ചാതലത്തിൽ ഇസ്ലാമിക്‌ ഓർഗാനൈസേഷൻ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.  ബുധനാഴ്ച ജിദ്ദയിലാണ് ഓർഗനൈസേഷനിലെ മന്ത്രിമാരുടെ യോഗം ചേരുക. ഇസ്ലാമിക്‌ ഓർഗനൈസഷൻ അധ്യക്ഷ പദവി വഹിക്കുന്ന  സൗദി അറേബ്യ ആണ് അടിയന്തിര യോഗം വിളിച്ചത്. 
 

Follow Us:
Download App:
  • android
  • ios