ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം
ലെബനനില്‍ നിന്ന് 40ലധികം റോക്കറ്റുകള്‍ വിക്ഷേപിച്ചെന്നും ഇവ കെട്ടിടങ്ങള്‍ തകർത്തെന്നും ഇസ്രായേല്‍ സേന അവകാശപ്പെട്ടിരുന്നു. ഹിസ്ബുള്ള ഈ ആക്രമണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു
ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം. യുദ്ധ വിമാനങ്ങൾ ഇസ്രയേലിനെ ലക്ഷ്യമിടുന്ന മിസൈൽ തൊടുത്തുവിടുന്ന ലൈബനനിലെ കേന്ദ്രങ്ങളെ ആക്രമിക്കുന്നതായാണ് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ആക്രമിക്കുന്നത് ഭീകരവാദ കേന്ദ്രങ്ങളെന്നാണ് ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹാഗാരി വിശദമാക്കുന്നത്.
ഹിസ്ബുള്ള കേന്ദ്രങ്ങളിലുള്ള ലെബനൻ സ്വദേശികളോടെ ഒഴിഞ്ഞ് പോകാൻ മുന്നറിയിപ്പ് നൽകിയതായും ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം നടന്നതിന്റെ പിന്നാലെയാണ് ഇസ്രയേൽ സൈന്യത്തിന്റെ മറുപടി ആക്രമണം. ലെബനനില്‍ നിന്ന് 40ലധികം റോക്കറ്റുകള്‍ വിക്ഷേപിച്ചെന്നും ഇവ കെട്ടിടങ്ങള്‍ തകർത്തെന്നും ഇസ്രായേല്‍ സേന അവകാശപ്പെട്ടിരുന്നു. ഹിസ്ബുള്ള ഈ ആക്രമണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നേരത്തെ സായുധസംഘമായ ഹിസ്ബുള്ളയുടെ കമാൻഡർ ഫുആദ് ഷുക്കറിനെ ഇസ്രയേൽ വധിച്ചിരുന്നു.
ഇതിലുള്ള പ്രത്യാക്രമണമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് ഹിസ്ബുള്ള വക്താക്കളുടെ പ്രതികരണമെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വടക്കൻ ഇസ്രയേലിൽ റോക്കറ്റുകൾ എത്തുന്നതായുള്ള മുന്നറിയിപ്പ് സൈറനുകൾ ഞാറാഴ്ച മുഴങ്ങിയിരുന്നു. ആക്രമണത്തിൽ ആളപായമുള്ളതായി റിപ്പോർട്ടുകളില്ല. ഇസ്രയേലിലേക്ക് 150ലേറെ റോക്കറ്റുകളാണ് ലെബനനിൽ നിന്ന് അയച്ചതെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. 11 ഇസ്രയേൽ സൈനിക ആസ്ഥാനങ്ങൾക്കും ബാരക്കുകൾക്കുമെതിരെ 320 കട്യൂഷ റോക്കറ്റുകൾ അയച്ചതെന്നാണ് ഹിസ്ബുള്ള അവകാശപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം