1960 കളുടെ തുടക്കത്തിൽ ഇസ്രായേലിന്റെ മുഖ്യശത്രുവായ രാഷ്ട്രീയ, സൈനിക രംഗത്ത് അടുത്ത ബന്ധം സ്ഥാപിക്കാൻ എലി കോഹന് കഴിഞ്ഞു.
ടെൽഅവീവ്: സിറിയയിലെ രഹസ്യ ഓപ്പറേഷനുശേഷം ഇസ്രായേൽ രാജ്യത്തെ ഏറ്റവും പ്രശസ്തനായ ചാരൻ എലി കോഹനുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകളും വസ്തുക്കളും വീണ്ടെടുത്ത് ഇസ്രായേൽ. സിറിയയിലെ രാഷ്ട്രീയ മേഖലയിലേക്ക് നുഴഞ്ഞുകയറിയ ഇസ്രായേലി ചാരൻ എലി കോഹനുമായി ബന്ധപ്പെട്ട സിറിയൻ ആർക്കൈവിൽ നിന്നുള്ള 2,500 ഇനങ്ങളിൽ ചിലത് ഞായറാഴ്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോഹന്റെ ഭാര്യക്ക് നൽകി. എലി കോഹനെ പരസ്യമായി തൂക്കിലേറ്റിയിട്ട് 60 വർഷം തികയുന്ന സാഹചര്യത്തിലാണ് രേഖകൾ കൈമാറിയത്.
1965 ജനുവരിയിലാണ് എലി കോഹൻ പിടിയിലാകുന്നത്. പിടികൂടിയതിനുശേഷം സിറിയൻ ഇന്റലിജൻസ് ശേഖരിച്ച രേഖകൾ, റെക്കോർഡിംഗുകൾ, ഫോട്ടോകൾ, വസ്തുക്കൾ, ഇസ്രായേലിലെ കുടുംബത്തിന് അദ്ദേഹം സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകൾ, സിറിയയിലെ ഓപ്പറേഷൻ ദൗത്യത്തിനിടെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളുടെ ഫോട്ടോഗ്രാഫുകൾ, സ്വകാര്യ വസ്തുക്കൾ എന്നിവ അടുത്തിടെ ഇസ്രായേലിലേക്ക് കൊണ്ടുവന്ന വസ്തുക്കൾ എന്നിവയാണ് കൈമാറിയത്.
ഇസ്രായേലിലേക്ക് കൊണ്ടുവന്ന സാധനങ്ങളുടെ സ്യൂട്ട്കേസുകളിൽ കൈയെഴുത്ത് കുറിപ്പുകൾ നിറച്ച പഴകിയ ഫോൾഡറുകൾ, ഡമാസ്കസിലെ അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിന്റെ താക്കോലുകൾ, പാസ്‌പോർട്ടുകൾ, വ്യാജ തിരിച്ചറിയൽ രേഖകൾ, നിർദ്ദിഷ്ട ആളുകളെയും സ്ഥലങ്ങളെയും നിരീക്ഷിക്കാനുള്ള മൊസാദിന്റെ ദൗത്യങ്ങൾ, ജയിലിൽ നിന്ന് മോചിപ്പിക്കാൻ ലോക നേതാക്കളോട് യാചിച്ച അദ്ദേഹത്തിന്റെ വിധവ നാദിയ കോഹൻ എഴുതിയ കത്തുകളും രേഖകളിൽ ഉൾപ്പെടുന്നു. സിറിയയിലെ കോഹന്റെ വിജയം മൊസാദ് ചാര ഏജൻസിയുടെ ആദ്യത്തെ പ്രധാന നേട്ടങ്ങളിലൊന്നായിരുന്നു. കൂടാതെ 1967 ലെ മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ഇസ്രായേലിന്റെ വേഗത്തിലുള്ള വിജയത്തിനായി സഹായിച്ചതും കോഹന്റെ നീക്കങ്ങളായിരുന്നു.
1960 കളുടെ തുടക്കത്തിൽ ഇസ്രായേലിന്റെ മുഖ്യശത്രുവായ രാഷ്ട്രീയ, സൈനിക രംഗത്ത് അടുത്ത ബന്ധം സ്ഥാപിക്കാൻ എലി കോഹന് കഴിഞ്ഞു. സിറിയയുടെ പ്രതിരോധ മന്ത്രിയുടെ ഉന്നത ഉപദേഷ്ടാവായി വരെ പ്രവർത്തിച്ചു. 1965 ൽ, ഇസ്രായേലിലേക്ക് വിവരങ്ങൾ റേഡിയോ വഴി കൈമാറുന്നതിനിടെ കോഹൻ പിടിക്കപ്പെട്ടു. 1965 മെയ് 18 ന് ഡമാസ്കസ് സ്ക്വയറിൽ അദ്ദേഹത്തെ വിചാരണ ചെയ്ത് തൂക്കിലേറ്റി. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ഇതുവരെ ഇസ്രായേലിലേക്ക് തിരികെ നൽകിയിട്ടില്ല. ഇസ്രായേലിൽ അദ്ദേഹം ഒരു ദേശീയ നായകനായി കണക്കാക്കപ്പെടുന്നു.
2019-ൽ, 'ദി സ്പൈ' എന്ന ആറ് എപ്പിസോഡുകളുള്ള നെറ്റ്ഫ്ലിക്സ് പരമ്പരയിൽ നടൻ സച്ച ബാരൺ കോഹൻ എലി കോഹനെ അവതരിപ്പിച്ചു. 60 വർഷമായി സിറിയൻ ഇന്റലിജൻസിന്റെ സേഫുകളിലായിരുന്ന അദ്ദേഹത്തിന്റെ ആർക്കൈവ് കൊണ്ടുവരാൻ ഇസ്രായേൽ പ്രത്യേക ഓപ്പറേഷൻ നടത്തിയെന്ന് നെതന്യാഹു ഞായറാഴ്ച ജറുസലേമിൽ നാദിയ കോഹനോട് പറഞ്ഞു. മൃതദേഹം തിരിച്ചെത്തിക്കുന്നതാണ് പ്രധാനമെന്ന് നാദിയ കോഹൻ നെതന്യാഹുവിനോട് പറഞ്ഞു. കോഹന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം ഇസ്രായേൽ തുടരുകയാണെന്ന് നെതന്യാഹു പറഞ്ഞു. ഏലി ഇസ്രായേലി ഇതിഹാസമാണ്. ഇസ്രായേൽ ഇന്റലിജൻസ് രാഷ്ട്രം നിലനിന്നിരുന്ന വർഷങ്ങളിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഏജന്റാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെ മറ്റാരുമില്ലെന്ന് നെതന്യാഹു പറഞ്ഞു.


