കോടികള്‍ വിലമതിക്കുന്ന ലക്ഷ്വറി കാറുകള്‍, ഹാന്‍ഡ്ബാഗുകള്‍, ആഡംബര നൗകകള്‍ എന്നിവയാണ് ലേലത്തിനു വെച്ചത്. ഇതിലൂടെ വന്‍ തുക സമാഹരിക്കുന്നുണ്ടെങ്കിലും, തട്ടിപ്പിന് ഇരയായവര്‍ക്ക് നല്‍കാനുള്ള ഭീമമായ തുകയുടെ ചെറിയ ശതമാനം പോലുമാവില്ല.

ഹോചിമിന്‍ സിറ്റി: ലോകത്തെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പുകളിലൊന്നിന്റെ സൂത്രധാരയായ വിയറ്റ്‌നാം ശതകോടീശ്വരിയുടെ ആഡംബര വസ്തുക്കള്‍ ലേലം ചെയ്യുന്നു. ശതകോടീശ്വരിയായ ട്രൂങ് മൈ ലാനിന്റെ കോടികള്‍ വിലമതിക്കുന്ന ലക്ഷ്വറി കാറുകള്‍, ഹാന്‍ഡ്ബാഗുകള്‍, ആഡംബര നൗകകള്‍ എന്നിവയാണ് ലേലത്തിനു വെച്ചത്. ഇതിലൂടെ വന്‍ തുക സമാഹരിക്കുന്നുണ്ടെങ്കിലും, തട്ടിപ്പിന് ഇരയായവര്‍ക്ക് നല്‍കാനുള്ള ഭീമമായ തുകയുടെ ചെറിയ ശതമാനം പോലുമാവില്ല ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിയറ്റ്‌നാമിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നിനെ കബളിപ്പിച്ച് 44 ബില്യണ്‍ ഡോളര്‍ തട്ടിയെടുത്തു എന്നതാണ് 69-കാരിയായ ട്രൂങ് മൈ ലാനിനെതിരെയുള്ള കേസ്. രണ്ട് ജീവപര്യന്തം തടവുശിക്ഷയാണ് ഇവര്‍ക്ക് കോടതി വിധിച്ചത്. തട്ടിപ്പിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാനാണ് ഇപ്പോള്‍ ഇവരുടെ ആഡംബര വസ്തുക്കള്‍ ലേലത്തിന് വെച്ചത്.

ട്രൂങ് മൈ ലാനിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ലോകപ്രശസ്ത ബ്രാന്‍ഡായ ഹെര്‍മസിന്റെ രണ്ട് ബിര്‍കിന്‍ ഹാന്‍ഡ്ബാഗുകള്‍ ഇക്കഴിഞ്ഞ ആഴ്ച വിറ്റു. ഇതിന് 539,000 ഡോളര്‍ ഓണ്‍ലൈന്‍ ലേലത്തില്‍ ലഭിച്ചു. ഇതില്‍ ഒരു ബാഗ് ഇറ്റലിയില്‍ നിന്ന് വാങ്ങിയതും മറ്റൊന്ന് ഒരു മലേഷ്യന്‍ വ്യവസായി ഇവര്‍ക്ക് സമ്മാനിച്ചതുമായിരുന്നു. തന്റെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഓര്‍മ്മയ്ക്കായി സൂക്ഷിക്കാന്‍ ഈ ബാഗുകള്‍ വിട്ടുനല്‍കണമെന്ന ലാനിന്റെ അപേക്ഷ കോടതി തള്ളുകയായിരുന്നു. ഇവരുടെ മൂന്ന് ആഡംബര കാറുകളും ലേലത്തില്‍ പോയി. ഇതില്‍ ഒരു കാര്‍ ഏകദേശം 630,000 ഡോളറിനാണ് വിറ്റുപോയത്. ബിഎംഡബ്ല്യു, ലെക്‌സസ് കാറുകളും ലേലത്തില്‍ വിറ്റഴിച്ചു.

തട്ടിപ്പിനിരയായവര്‍ക്ക് ലാന്‍ 27 ബില്യണ്‍ ഡോളറാണ് ഇനി തിരികെ നല്‍കാനുള്ളത്. ലേലത്തിലൂടെ ലഭിക്കുന്ന തുക ആദ്യം കോടതിച്ചെലവുകള്‍ക്കും ലേല നടത്തിപ്പിനുമാണ് ഉപയോഗിക്കുക. നിലവില്‍ ലാന്‍ ആകെ തിരിച്ചടച്ചത് 455,000 ഡോളര്‍ മാത്രമാണെന്ന് അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലാനിന്റെ ഉടമസ്ഥതയിലുള്ള 'ദി റെവറി സൈഗോണ്‍' എന്ന ആഡംബര ബോട്ട് 20 ലക്ഷം ഡോളറിന് ലേലത്തില്‍ വെച്ചെങ്കിലും വാങ്ങാന്‍ ആളുണ്ടായില്ല. വില 18 ശതമാനം കുറച്ചിട്ടും ഇത് വിറ്റുപോയില്ല. ചില വസ്തുക്കള്‍ പത്തിലധികം തവണ ലേലത്തില്‍ വെച്ചിട്ടും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്.

റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ മറവിലാണ് ലാന്‍ വന്‍ തട്ടിപ്പ് നടത്തിയത്. വ്യാജ കമ്പനികള്‍ ഉണ്ടാക്കിയും ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നല്‍കിയുമായിരുന്നു തട്ടിപ്പ്. 2024-ല്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. തട്ടിയെടുത്ത തുകയുടെ മുക്കാല്‍ ഭാഗമെങ്കിലും തിരിച്ചടച്ചാല്‍ ശിക്ഷ ഇളവ് ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. അതിനിടെ കഴിഞ്ഞ വര്‍ഷം വിയറ്റ്‌നാം ചില സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ ഒഴിവാക്കി. ഇതോടെയാണ് ലാനിന്റെ ശിക്ഷ ജീവപര്യന്തമായി ചുരുങ്ങിയത്. ഇതിന് പുറമെ കള്ളപ്പണം വെളുപ്പിക്കല്‍, അതിര്‍ത്തി കടന്നുള്ള നിയമവിരുദ്ധ പണമിടപാട് എന്നീ കുറ്റങ്ങള്‍ക്ക് ഇവര്‍ക്ക് മറ്റൊരു ജീവപര്യന്തം ശിക്ഷ കൂടിയുണ്ട്.