ജപ്പാനിലെ ടൊയോയേക്ക് നഗരം മൊബൈൽ ഫോൺ ഉപയോഗം ദിവസവും രണ്ട് മണിക്കൂറായി പരിമിതപ്പെടുത്താൻ നിർദ്ദേശിച്ചു.

ടൊയോയേക്ക്: മൊബൈൽ ഫോൺ ഉപയോഗം ദിവസവും രണ്ട് മണിക്കൂറായി പരിമിതപ്പെടുത്താൻ നിർദ്ദേശിച്ച് ജപ്പാനിലെ ടൊയോയേക്ക് നഗരം. 69,000-ത്തോളം താമസക്കാർക്ക് വേണ്ടിയുള്ള ഈ നീക്കം വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. ഉപകരണങ്ങളോടുള്ള ആസക്തി കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

തൊഴിൽപരമായോ പഠനത്തിനായോ ഉള്ള സമയങ്ങളിൽ ഈ നിർദ്ദേശം ബാധകമായിരിക്കില്ല. ഈ നിയമം കർശനമായി നടപ്പാക്കില്ലെന്നും, മറിച്ച് ഉപയോക്താക്കളെ ശരിയായ രീതിയില്‍ സ്ക്രീൻ സമയം കൈകാര്യം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും ടൊയോയേക്ക് നഗരസഭ മേയർ മസാഫുമി കോക്കി പറഞ്ഞു. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കില്ല.

'രണ്ട് മണിക്കൂർ പരിധി വെറുമൊരു മാർഗ്ഗനിർദ്ദേശം മാത്രമാണ്. ഇത് നഗരവാസികളുടെ അവകാശങ്ങളെ പരിമിതപ്പെടുത്താനോഅടിച്ചേൽപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്ന് മേയർ പ്രസ്താവനയിൽ പറഞ്ഞു. ഓൺലൈൻ പഠനം, വ്യായാമം ചെയ്യുമ്പോൾ വീഡിയോ കാണുന്നത്, ഇ-സ്പോർട്സ് പരിശീലനം തുടങ്ങിയ കാര്യങ്ങൾക്ക് ഈ പരിധി ബാധകമല്ല.മൊബൈൽ ഫോണുകൾ ഉപകാരപ്രദമാണെന്ന് അംഗീകരിക്കുമ്പോഴും, അവയോടുള്ള അമിതാസക്തി കാരണം ചില കുട്ടികൾ സ്കൂളിൽ പോവാത്ത സാഹചര്യമുണ്ടെന്നും, മുതിർന്നവർ ഉറക്കവും കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സമയവും നഷ്ടപ്പെടുത്തുന്നുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി.

നിർദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് 80 ശതമാനം ആളുകളും രംഗത്തെത്തി. എന്നാൽ ചിലർ ഇതിന് പിന്തുണയുമായി എത്തി. പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് രാത്രി 9 മണിക്ക് ശേഷം മൊബൈൽ ഉപയോഗം അവസാനിപ്പിക്കാമെന്നും മുതിർന്നവർക്കും മറ്റ് വിദ്യാർത്ഥികൾക്കും 10 മണിക്ക് ശേഷം ഫോൺ ഉപയോഗം ഒഴിവാക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നു. നിലവിൽ നിയമനിർമ്മാതാക്കളുടെ ചർച്ചയിലാണ് ഈ നിർദ്ദേശം. അംഗീകരിക്കപ്പെട്ടാൽ ഒക്ടോബറിൽ ഇത് നിയമമാകും.