ഡൊണാള്‍ഡ് ട്രംപിനെ അട്ടിമറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി വിജയാഹ്ളാദം പങ്കുവയ്ക്കുന്ന വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വീഡിയോ വൈറലാകുന്നു.  നിങ്ങള്‍ അമേരിക്കയുടെ പ്രസിഡന്‍റാവുന്നു, നമ്മളത് ചെയ്തു ജോ എന്ന് ഫോണിലൂടെ സംസാരിക്കുന്ന കമലാ ഹാരിസിന്‍റെ വീഡിയോയാണ് വൈറലാവുന്നത്. 

 ട്രംപിനെ അട്ടിമറിച്ച സന്തോഷം കമലാ ഹാരിസ് മറച്ച് വയ്ക്കാതെയുള്ള പ്രതികരണത്തോട് നിരവധി പേരാണ് അനുഭാവ പൂര്‍വ്വം പ്രതികരിക്കുന്നത്.  273 ഇലക്ടറല്‍ വോട്ടുമായിട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിക്കുന്നത്. 214 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് ഡോണള്‍ഡ് ട്രംപിന് നേടാനായത്.

പെന്‍സില്‍വേനിയയിലെ വോട്ടുകളാണ് ബൈഡന്‍റെ വിജയമുറപ്പിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.  പുതിയ ചരിത്രം കുറിച്ച് കമലാ ഹാരിസ് വനിത വൈസ് പ്രസിഡന്‍റാവും. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്‍റായി കമലാ ഹാരിസ്. യുഎസ് വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും വൈസ് പ്രസിഡന്‍റ് ആകുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയും കമലയാണ്.