Asianet News MalayalamAsianet News Malayalam

'ഹൗഡി, മോദി' വൈകിട്ട്, വെറും 'ഗസ്റ്റ് റോളി'ലാകില്ല ട്രംപ്, പ്രഖ്യാപനങ്ങൾ കാത്ത് ഇന്ത്യൻ സമൂഹം

'ഹൗ ഡു യു ഡൂ' എന്ന വാക്കിന് സാധാരണ അമേരിക്കക്കാർ പറയുന്ന ചെറുവാക്കാണ് 'ഹൗഡി'. മുപ്പത് മിനിറ്റ് നേരം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസംഗം നീളുമെന്നാണ് സൂചന. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്കാണ് പരിപാടി. 

key howdy modi event today in Houston Trump to speak for 30 minutes
Author
Houston, First Published Sep 22, 2019, 4:44 PM IST

ഹ്യൂസ്റ്റൺ: അമേരിക്കയിലെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുന്ന സ്വീകരണ പരിപാടിയായ 'ഹൗഡി, മോദി'യിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെറുമൊരതിഥിയായിരിക്കില്ല. അരമണിക്കൂർ നേരം ട്രംപ് പരിപാടിയിൽ സംസാരിക്കുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. ഈ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് ട്രംപ് വാഷിംഗ്‍ടണിൽ നിന്ന് ഹ്യൂസ്റ്റണിലെത്തുന്നത്. 

പരിപാടിയുടെ തത്സമയസംപ്രേഷണം ഏഷ്യാനെറ്റ് ന്യൂസിലുണ്ടാകും. ഇതാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്‍റ് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്. 

മോദിയ്ക്കും ട്രംപിനും രാഷ്ട്രീയപരമായി നേട്ടമുണ്ടാകുന്നതാണ് ഈ പരിപാടിയെന്നാണ് വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും കരുത്തേറിയ പദവിയിലിരിക്കുന്ന നേതാവുമായി വേദി പങ്കിടുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്യാൻ മോദിയ്ക്ക് കഴിയുന്നുവെന്നതാണ് പ്രധാനം. കശ്മീരടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഇത് കരുത്തേകും. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയം ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ ശക്തമായി ഉന്നയിക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. 

അതേസമയം, അമേരിക്കയിലെ ഏറ്റവും വലിയ സ്വാധീനശേഷിയുള്ള ന്യൂനപക്ഷ സമൂഹമാണ് ഇന്ത്യക്കാരുടേത്. രാഷ്ട്രീയ പ്രചാരണങ്ങളിലടക്കം ന്യൂനപക്ഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ആളോഹരി സംഭാവനകളും വിഹിതവും നൽകുന്നത് ഇന്ത്യൻ സമൂഹമാണ്. 

അതുകൊണ്ടുതന്നെ, ഈ ഇന്ത്യൻ സമൂഹത്തിന്‍റെ വിശ്വാസം നേടിയെടുക്കുക എന്നതും, അമ്പതിനായിരത്തോളം ഇന്ത്യക്കാർ അണിനിരക്കുന്ന വൻപരിപാടിയിൽ പങ്കെടുക്കുകയെന്നതും, ട്രംപിനും നേട്ടമാണ്. വ്യാപാരരംഗത്ത് വിട്ടുവീഴ്ചകൾക്ക് ഇരു രാജ്യങ്ങളും തയ്യാറാകുന്നു എന്ന സൂചനയാണ് ഹൗഡി മോദിയിലെ ട്രംപിന്‍റെ സാന്നിധ്യം.

ഊർജമേഖലയിൽ സഹായമുറപ്പിച്ച് ഇന്ത്യ

ഹൗഡി മോദിക്ക് ഡോണൾഡ് ട്രംപ് എത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യ വ്യാപാര രംഗത്തെ തർക്കങ്ങൾ തീർക്കാൻ നീക്കം തുടങ്ങി. ഹ്യൂസ്റ്റണിൽ പതിനേഴ് പ്രമുഖ ഊർജ്ജ കമ്പനികളുടെ മേധാവിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ഹ്യൂസ്റ്റണിലെ ടെല്ലൂറിയൻ ഇന്ത്യയിലെ പെട്രോനെറ്റ് എൽഎൻജി എന്നീ കമ്പനികളുമായാണ് ചർച്ചയ്ക്കു ശേഷം ധാരണാപത്രത്തിൽ ഒപ്പുവച്ചത്. രണ്ടര ബില്ല്യൺ അമേരിക്കൻ ഡോളർ ഇന്ത്യ ഈ കമ്പനിയിൽ നിക്ഷേപിക്കും. പകരം പ്രതിവർഷം അമ്പത് ലക്ഷം മെട്രിക് ടൺ ദ്രവീകൃത പ്രകൃതി വാതകം ഓരോവർഷവും ഇന്ത്യയ്ക്ക് കിട്ടും.

അടുത്ത നാൽപത് വർഷത്തേക്കാണ് കരാർ. ട്രംപും മോദിയും ന്യൂയോർക്കിൽ ചൊവ്വാഴ്ച പ്രത്യേക ചർച്ച നടത്തുമ്പോൾ ഒരു മിനി വ്യാപാര കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് സൂചന. അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ഇളവ് നല്കണം എന്ന നിർദ്ദേശവും ചർച്ചയിലുണ്ട്. ചില ഉത്പന്നങ്ങൾ പരാമർശിക്കുന്ന കരാർ ട്രംപിന് അമേരിക്കൻ തെരഞ്ഞെടുപ്പിൽ തന്‍റെ നേട്ടമായി അവതരിപ്പിക്കാനാകും. പകരം ജമ്മുകശ്മീരിലെ നീക്കങ്ങൾക്ക് ട്രംപിന്‍റെ പിന്തുണ വാങ്ങാനാകും മോദി ശ്രമിക്കുക. ഐക്യരാഷ്ട്ര സഭയിൽ വിഷയം ഉന്നയിച്ച് വലിയ ചർച്ചയാക്കാനാണ് ഇമ്രാൻ ഖാന്‍റെ നീക്കം. ഇത് അമേരിക്കയുടെ സഹായത്തോടെ ചെറുക്കാനാവുമെന്ന് ഇന്ത്യ കരുതുന്നു. 

കശ്മീരി പണ്ഡിറ്റുകളെ കണ്ട് മോദി

ഹ്യൂസ്റ്റണിലെത്തിയ പ്രധാനമന്ത്രി കശ്മീരി പണ്ഡിറ്റുകളുമായി ചർച്ച നടത്തി. ഏഴുലക്ഷം കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി നന്ദി അറിയിക്കുന്നതായി മോദിയെ കണ്ട പ്രതിനിധികൾ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകൾ പലതും സഹിച്ചു. എന്നാൽ ഇപ്പോൾ കാലം മാറുകയാണെന്നായിരുന്നു മോദിയുടെ പ്രതികരണം.

key howdy modi event today in Houston Trump to speak for 30 minutes

Follow Us:
Download App:
  • android
  • ios