മോൺറോവിയ : ജന്മനാടുമായുള്ള പൗരന്മാരുടെ ബന്ധത്തെ എന്നെന്നേക്കുമായി അറുത്തുമുറിച്ചു കളയുന്ന ഒരു സാഹചര്യത്തെ ഇല്ലാതാക്കുന്ന ഒരു ചരിത്രവിധി പുറപ്പെടുവിച്ചിരിക്കുകയാണ് ലൈബീരിയൻ സുപ്രീം കോടതി. ആറ്റി ജോൺ എന്ന പ്രവാസി ലൈബീരിയന്  തന്റെ ജന്മനാട്ടിലേക്കുള്ള യാത്രാരേഖകൾ നിഷേധിച്ചുകൊണ്ട്  വാഷിങ്ടൺ ഡിസിയിലെ ലൈബീരിയൻ എംബസി കൈക്കൊണ്ട നിലപാടിനെതിരെയാണ് ഇപ്പോൾ വിധി വന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് ലൈബീരിയയിൽ  സുപ്രീം കോടതിയിൽ ദീർഘകാലമായി വ്യവഹാരം നടന്നു കൊണ്ടിരിക്കുകയായിരുന്നു. 

ലൈബീരിയൻ പൗരത്വനിയമങ്ങൾ പ്രകാരം താഴെ പറയുന്ന ഏതെങ്കിലും ഒരു പ്രവൃത്തിയിൽ പൗരന്മാർ ഏർപ്പെട്ടാൽ അവരുടെ പൗരത്വം താനേ റദ്ദാക്കപ്പെടും. ഒന്ന്, മറ്റൊരു രാജ്യത്തെ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുക, രണ്ട്, മറ്റൊരു രാജ്യത്തെ സൈന്യത്തിൽ ചേരുക.  ആറ്റി ജോണിന് ഈയിടെ അമേരിക്കൻ പൗരത്വം ലഭിച്ചതാണ് അയാളുടെ പൗരത്വം താനേ റദ്ദാകാനുള്ള കാരണമായത്. ഏലിയൻ ആൻഡ് നേഷനാലിറ്റി നിയമങ്ങളുടെ 22.2 വകുപ്പ് പ്രകാരമാണിത്. 

പൗരത്വം റദ്ദാക്കിക്കൊണ്ടുള്ള ഈ വിധി  രാജ്യത്തെ ഭരണഘടനയുടെ ആർട്ടിക്കിൾ 20 (എ) യുടെ നഗ്നമായ ലംഘനമാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ. പ്രസ്തുത വകുപ്പ് പ്രകാരം, " രാജ്യത്തെ പൗരന്മാരുടെ ജീവിതമോ, സ്വാതന്ത്ര്യമോ, വ്യക്തി, സ്വത്ത്, എന്നിവയുടെ സുരക്ഷിതത്വമോ, അവർക്ക് ഭരണഘടന അനുവദിച്ചു നൽകുന്ന ആനുകൂല്യങ്ങളോ അവർക്കുള്ള അവകാശങ്ങളോ ഒന്നും ഹനിക്കപ്പെടാൻ പാടില്ല. " എന്നാണ്.