കനത്ത മഴയ്ക്ക് പിന്നാലെ മണ്ണിടിച്ചിൽ എത്യോപ്യയിൽ 10 പേർ കൊല്ലപ്പെട്ടു, വീടുകൾ നഷ്ടമായത് 2400 പേർക്ക്
എത്യോപ്യയിലെ അംഹാര മേഖലയിൽ ശനിയാഴ്ചയാണ് വലിയ രീതിയിലുള്ള മണ്ണിടിച്ചിലുണ്ടായത്. കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്
അംഹാര: വടക്കൻ എത്യോപ്യയിൽ മണ്ണിടിച്ചിലിൽ 10 പേർ മരിച്ചു. നാല് മൃതദേഹം മാത്രമേ വീണ്ടെടുക്കാനായുള്ളു. വീടുകൾ നഷ്ടമായ 2400 പേർ ക്യാമ്പുകളിലാണ് കഴിയുന്നത്. കനത്ത മഴയെ തുടർന്നായിരുന്നു മണ്ണിടിച്ചിൽ. എത്യോപ്യയിലെ അംഹാര മേഖലയിൽ ശനിയാഴ്ചയാണ് വലിയ രീതിയിലുള്ള മണ്ണിടിച്ചിലുണ്ടായത്. കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിൽ 8 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. രാജ്യത്തുണ്ടായ അസാധാരണമായ മഴയെ തുടർന്നാണ് വലിയ രീതിയിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി മണ്ണിടിച്ചിലുകളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. നേരത്തെ എത്യോപ്യൻ കാലാവസ്ഥ വകുപ്പ് മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിലെ പല മേഖലയിലും മണ്ണിടിച്ചിൽ ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകിയത്. ഈ മാസത്തിൽ മാത്രമുണ്ടായ മണ്ണിടിച്ചിൽ സംഭവങ്ങളിൽ 11ൽ അധികം പേർക്ക് രാജ്യത്ത് ജീവൻ നഷ്ടമായിരുന്നു.
ജൂലൈ മാസത്തിൽ എത്യോപ്യയുടെ തെക്കൻ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 229 പേരാണ് കൊല്ലപ്പെട്ടത്. ജൂലൈ മൂന്നാം വാരത്തിൽ തെക്കൻ എത്യോപ്യയിലെ പർവ്വത പ്രദേശമായ ഗാഫയിലെ കെൻഷോ-ഷാച്ച പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയേ തുടർന്നായിരുന്നു ഇത്. തെച്ചിൽ നടക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞതോടെ രക്ഷാപ്രവർത്തനത്തനത്തിന് എത്തിയവരും മണ്ണിനടിയിൽ പെട്ടുപോയതോടെയാണ് മരണ സംഖ്യ കൂടിയത്. ഈ മേഖലയിലേക്ക് റോഡുകൾ ഇല്ലാത്തതിനാൽ മണ്ണ് മാറ്റാനായി മണ്ണുമാന്തി അടക്കമുള്ള യന്ത്രങ്ങൾ പ്രദേശത്തേക്ക് എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആളുകൾ വെറും കൈ അടക്കം ഉപയോഗിച്ച് ആളുകളെ മാന്തിയെടുക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ പെയ്ത പേമാരിയിലും തെക്കൻ എത്യോപ്യയിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായിരുന്നു. എത്യോപ്യയിൽ 2016-ൽ വോലൈറ്റയിലുണ്ടായ മണ്ണിടിച്ചിലിൽ 41 പേർ മരിച്ചിരുന്നു. 2017-ൽ അഡിസ് അബാബയുടെ പ്രാന്തപ്രദേശത്ത് ഉണ്ടായ ദുരന്തത്തിൽ 113 പേർ മരിച്ചിരുന്നു. 2017 ഓഗസ്റ്റിലാണ് ലോകത്തെ ഞെട്ടിച്ച് സിയറ ലിയോണിന്റെ തലസ്ഥാനമായ ഫ്രീടൗണിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. അന്ന് 1,141 പേരാണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം