വലതുപക്ഷ കക്ഷിയായ ന്യൂ ഡെമോക്രസി പാര്‍ട്ടി 39.85 ശതമാനം വോട്ട് നേടി അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രി അലെക്സിസ് സിപ്രസിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട സിരിസ പാര്‍ട്ടിക്ക് 31.53 ശതമാനം വോട്ടാണ് നേടാനായത്.
ഏതന്‍സ്: ഏറെ പ്രതീക്ഷയോടെ ഗ്രീസില്‍ ഭരണത്തിലേറിയ ഇടതുപക്ഷ പാര്‍ട്ടിയായ സിരിസക്ക്(syriza) പൊതുതെരഞ്ഞെടുപ്പില്‍ തോല്‍വി. ഞായറാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വലതുപക്ഷ കക്ഷിയായ ന്യൂ ഡെമോക്രസി പാര്‍ട്ടി 39.85 ശതമാനം വോട്ട് നേടി അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രി അലെക്സിസ് സിപ്രസിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട സിരിസ പാര്‍ട്ടിക്ക് 31.53 ശതമാനം വോട്ടാണ് നേടാനായത്. ന്യൂ ഡെമോക്രസി പാര്‍ട്ടി നേതാവ് കിരിയാകോസ് മിട്സോടകിസ് പ്രധാനമന്ത്രിയാകും.
'ഗ്രീസിലെ വേദനാജനകമായ കാലത്തിന് അറുതിയായി. ഗ്രീസ് വീണ്ടും അഭിമാനത്തോടെ തലയുയര്‍ത്തിയിരിക്കുകയാണ്'.-മിട്സോടകിസ് പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി പ്രസിഡന്‍റ് തയ്യിപ് എര്‍ദോഗാന്‍ മിട്സോടകിസിനെ അഭിനന്ദിച്ചു. 300ല്‍ 158 സീറ്റ് നേടിയാണ് ഡെമോക്രസി പാര്‍ട്ടി അധികാരത്തിലേറിയത്.

തന്ത്രപ്രധാന തോല്‍വിയെന്നാണ് പരാജയത്തെ സിപ്രസ് വിശേഷിപ്പിച്ചത്. ഗ്രീസ് ജനതയുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 15 സീറ്റ് നേടി. ഗ്രീസിനെ വിഴുങ്ങിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇടതുപക്ഷ പാര്‍ട്ടിയായ സിരിസ 2015ലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ ജനപിന്തുണയോടെ അധികാരത്തിലേറിയത് ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ഗ്രീസ് ജനതയുടെ പ്രതീക്ഷക്കൊത്ത് ഭരണം മെച്ചപ്പെടുത്താന്‍ സാധിക്കാത്തതോടെ ഭരണത്തുടര്‍ച്ച നഷ്ടപ്പെട്ടു. സാമ്പത്തിക വളര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും തൊഴിലില്ലായ്മ 18 ശതമാനമായത് സിരിസക്ക് തിരിച്ചടിയായി.
