ലഹോര്‍: പെരുമ്പാമ്പിനെയും മുതലയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി നല്‍കുമെന്ന് വീഡിയോ സന്ദേശം പ്രചരിപ്പിച്ച പാക്കിസ്ഥാന്‍ ഗായികക്കെതിരെ നിയമനടപടി. ലഹോറിലാണ് പാക്ക് പോപ് സ്റ്റാറും അവതാരകയുമായ റാബി പിര്‍സാദ മോദിക്കെതിരെയുള്ള ഭീഷണി സന്ദേശം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ലഹോറിലെ ബ്യൂട്ടി പാര്‍ലറില്‍ റാബ് പിര്‍സാദയുടെ വളര്‍ത്തുമൃഗങ്ങളായ മുതലയെയും പെരുമ്പാമ്പുകളെയും ഉപയോഗിച്ചായിരുന്നു ഭീഷണി. 

മുതല, നാല് കൂറ്റന്‍ പെരുമ്പാമ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ജീവികളെ കയ്യില്‍ പിടിച്ചുകൊണ്ട് ഇവ മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണെന്നും ഇവയുടെ ആഹാരമാകാന്‍ തയ്യാറാകൂ എന്നും റാബി പിര്‍സാദ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തുന്നു. താന്‍ ഒരു കശ്മീരി യുവതി ആണ്. കശ്മീരികള്‍ക്ക് വേണ്ട പരിഗണന നല്‍കാത്ത മോദിക്ക് വേണ്ടി തയ്യാറാക്കിയ സമ്മാനങ്ങളാണ് ഇവയെന്നും നരകത്തില്‍ പോകൂ എന്നും റാബി പിര്‍സാദ വിവാദ വീഡിയോയില്‍ പറയുന്നതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്തതോടെ അനധികൃതമായി മൃഗങ്ങളെ കൈവശം വെച്ചതിന് യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പഞ്ചാബ് മൃഗസംരക്ഷണ വിഭാഗം അധികൃതര്‍. മൃഗസംരക്ഷണ നിയമലംഘനത്തിന്‍റെ പേരില്‍ ഇവര്‍ക്കെതിരെ ലഹോര്‍ കോടതിയില്‍ മൃഗസംരക്ഷണ വിഭാഗം ചലാന്‍ സമര്‍പ്പിച്ചിട്ടുണ്ട്.