ഇന്ത്യയിലെ ലോക്ക് ഡൗൺ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. ഫ്രാൻസിൽ മാർച്ച് 17 തൊട്ടേ ലോക്ക് ഡൗൺ ആണ്. അവിടെ സത്യവാങ്മൂലവുമായി അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. ഫൈനടിക്കുന്ന കാര്യത്തിൽ ഫ്രഞ്ച് പൊലീസ് വളരെ കർശനമായ നിലപാടാണ് സ്വീകരിക്കുന്നത്. പിടിക്കപ്പെട്ടാൽ ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും ചെലവിടേണ്ടി വരും. 

എന്നാൽ, ഒരു ഫ്രഞ്ച് പൗരന് ഇതൊന്നും ഒരു പ്രശ്നമേ ആയി തോന്നിയില്ല. അങ്ങനെ പറയാൻ കാരണമുണ്ട്. വിലകുറഞ്ഞ സിഗരറ്റ് വാങ്ങാൻ വേണ്ടി അയാൾ സ്വന്തം വീട്ടിൽ നിന്ന് കാറിൽ സ്പെയിനിലേക്ക് പുറപ്പെട്ടു. ലോക്ക് ഡൗൺ ആയതുകൊണ്ട് ചെക്ക് പോസ്റ്റിൽ വെച്ച് അയാളുടെ കാർ തടയപ്പെട്ടു. അവിടെ പാർക്കിങ് ലോട്ടിലേക്ക് കാർ കയറ്റിയിട്ട് ആൾ നടന്നു തുടങ്ങി. ഫ്രാൻസിലെ പെർപിഗ്നനിൽ നിന്ന് സ്‌പെയിനിലെ ലാ ഹോൺക്വറയിലേക്ക് പൈറനീസ് മലനിരകളിലൂടെ ട്രെക്കിങ്ങ് നടത്തി പോകാനായിരുന്നു പ്ലാൻ. 

സാധാരണ നിലയ്ക്ക് ഫ്രാൻസിൽ സ്പാനിഷ് അതിർത്തിയോടു ചേർന്ന് താമസിക്കുന്നവർ കുറഞ്ഞ വിലയ്ക്ക് സിഗരറ്റും, മദ്യവും, ചില ഭക്ഷണ സാധനങ്ങളും ഒക്കെ വാങ്ങാൻ ഇടയ്ക്കിടെ തൊട്ടപ്പുറത്ത് കിടക്കുന്ന സ്പെയിനിലേക്ക് തങ്ങളുടെ കാറിൽ പോയിവരാറുണ്ട്. എന്നാൽ, കൊവിഡ് ബാധയെത്തുടർന്ന് പലയിടത്തും ഈ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ് ഇപ്പോൾ. 

 

 

അങ്ങനെ അതിർത്തിയിൽ തടഞ്ഞപ്പോഴും, പിന്മടങ്ങാൻ തയ്യാറില്ലാതെയാണ് ഹൈക്കിങ് പാതയിലൂടെ അപ്പുറം കടന്നു സിഗരറ്റ് വാങ്ങാനുള്ള ശ്രമം ഇയാൾ നടത്തിയത്. എന്നാൽ, പണി പാളി. നടന്നു നടന്നു ചെന്ന് ഒടുവിൽ വഴി തെറ്റി. മലഞ്ചെരുവിലൂടെ നടക്കുമ്പോൾ കാലിടറിയ അയാൾ ഒടുവിൽ ഒരു അരുവിയിൽ ചെന്ന് തലയും കുത്തി വീണു. അവിടെ എഴുന്നേൽക്കാൻ വയ്യാതെ കിടന്ന അയാൾക്ക് ഒടുവിൽ തന്നെ രക്ഷിക്കാൻ വേണ്ടി ഫ്രഞ്ച് പൊലീസിനെ തന്നെ വിളിച്ചു വരുത്തേണ്ടി വന്നു. അങ്ങനെ അയാളുടെ വിളിപ്പുറത്ത്, ഹെലിക്കോപ്റ്ററിൽ വന്ന് അയാളെ രക്ഷിച്ച പൊലീസ് കൊറോണാ ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയതിന് പേരിൽ 135  യൂറോ പിഴയും ചുമത്തിയാണ് അയാളെ വിട്ടയച്ചത്. 

നാടുമൊത്തം കൊവിഡ് കാരണം ആരോഗ്യപ്രവർത്തകർ നെട്ടോട്ടമോടുമ്പോൾ, ആവശ്യമുള്ള കാര്യങ്ങൾക്ക് ചെലവിടാൻ തന്നെ പൊലീസിന്റെ പക്കൽ സമയമില്ലാത്ത ഈ അവസ്ഥയിൽ, അനാവശ്യമായി യാത്രപോയി ഇങ്ങനെ അപകടത്തിൽ പെട്ടുകൊണ്ട് പൊലീസിനെ മിനക്കെടുത്തുന്നതിൽ കടുത്ത അമർഷമാണ് പൊലീസിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഇയാൾക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.