ബംഗ്ലാദേശിൽ നിർമ്മാണത്തിലിരുന്ന ശ്രീരാമ പ്രതിമയുടെ പണി തടസ്സപ്പെടുത്തിയതിനും രാമചിത്രം അപമാനിച്ചതിനും എതിരെ തലസ്ഥാനമായ ധാക്കയിൽ വൻ പ്രതിഷേധം. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പന്തംകൊളുത്തി പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു, കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ 72 മണിക്കൂർ സമയം നൽകി.

ധാക്ക: ബംഗ്ലാദേശിൽ നിർമ്മാണത്തിലിരുന്ന വൻ ശ്രീരാമ പ്രതിമയുടെ പണി തടസ്സപ്പെടുത്തുകയും രാമചിത്രത്തെ അപമാനിക്കുകയും ചെയ്തതിനെതിരെ തലസ്ഥാനമായ ധാക്കയിൽ വൻ പ്രതിഷേധം. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ധാക്കയിൽ നടന്ന പന്തംകൊളുത്തി പ്രകടനത്തിൽ 'ജയ് ശ്രീറാം' വിളികളുമായി ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്. ബംഗ്ലാദേശിലെ രംഗ്പൂരിന് സമീപം ഗായ്ബന്ധ ജില്ലയിലെ പലാഷ്ബാരിയിൽ നിർമ്മിച്ചുകൊണ്ടിരുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ നിർമ്മാണം ഇസ്ലാമിസ്റ്റ് സംഘടനകളുടെ ഭീഷണിയെ തുടർന്ന് തടസ്സപ്പെട്ടിരുന്നു. ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായി 22 കോടി ചെലവിൽ നിർമ്മിക്കുന്ന ഈ പദ്ധതിയുടെ 80 ശതമാനം പണികളും പൂർത്തിയായതായിരുന്നു. ഇതിന് പിന്നാലെ ഈ മാസം ആദ്യം നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെ അക്രമികൾ ശ്രീരാമന്റെ ചിത്രത്തിന് മേൽ ചെരുപ്പ് വെച്ച് അപമാനിച്ചതാണ് ഇപ്പോഴത്തെ വൻ പ്രതിഷേധത്തിന് കാരണമായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. താലിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് ആരോപിച്ച ഹൈന്ദവ സംഘടനകൾ, കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ 72 മണിക്കൂർ സമയം നൽകിയിട്ടുണ്ട്. പ്രതിമ നിർമ്മാണത്തിന് അനുമതി നൽകിയില്ലെങ്കിൽ ബംഗ്ലാദേശിലെ എല്ലാജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കുമെന്ന് ഹിന്ദു മഹാജോട്ട് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മതകാര്യ മന്ത്രാലയത്തിന് ഇവർ നിവേദനം സമർപ്പിക്കും. കൂടാതെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് പൂജാ സെലിബ്രേഷൻസ് നാഷണൽ കമ്മിറ്റിയും അറിയിച്ചു.

പ്രതിഷേധക്കാർ ധാക്കയിലെ ഷാബാഗ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് നാഷണൽ പ്രസ് ക്ലബ്ബിലേക്ക് മാർച്ച് നടത്തുകയും തുടർന്ന് മനുഷ്യച്ചങ്ങല തീർക്കുകയും ചെയ്തു. രംഗ്പൂരിൽ പ്രതിഷേധ പ്രകടനം തടയാൻ പോലീസ് ശ്രമിച്ചത് ചെറിയ സംഘർഷത്തിന് കാരണമായി. ബംഗ്ലാദേശിൽ രാഷ്ട്രീയ പ്രതിസന്ധികൾക്ക് ശേഷം ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾക്ക് നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഈ വർഷം ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ മാത്രം 133 വർഗീയ അക്രമ സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.