സമ്മാനം നൽകാനാണെന്ന വ്യാജേനയാണ് കൊലയാളി എത്തിയത്. സംഭവം നടക്കുമ്പോൾ മാർക്വേസ് തന്റെ ബ്ലോസം ദി ബ്യൂട്ടി ലോഞ്ച് സലൂണിൽ നിന്ന് ലൈവ് സ്ട്രീമിംഗ് നടത്തുകയായിരുന്നു
മെക്സിക്കോ സിറ്റി: മെക്സിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ടിക് ടോക്കിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ വെടിയേറ്റ് മരിച്ചു. 23കാരിയായ വലേറിയ മാർക്വേസാണ് കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ ജാലിസ്കോയിലെ ബ്യൂട്ടി സലൂണിൽ അതിക്രമിച്ചു കയറിയ ഒരാൾ വലേറിയക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സമ്മാനം നൽകാനാണെന്ന വ്യാജേനയാണ് കൊലയാളി എത്തിയത്. സംഭവം നടക്കുമ്പോൾ മാർക്വേസ് തന്റെ ബ്ലോസം ദി ബ്യൂട്ടി ലോഞ്ച് സലൂണിൽ നിന്ന് ലൈവ് സ്ട്രീമിംഗ് നടത്തുകയായിരുന്നു. അതിന്റെ ക്ലിപ്പ് എക്സിൽ പങ്കിട്ടു. ഇതിനിടയിലാണ് ഒരാൾ കടന്നുവന്ന് വെടിവെച്ചത്. മാർക്വേസിന്റെ നെഞ്ചിലും തലയിലും വെടിയേറ്റു.
യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും ഏകദേശം 2,00,000 ഫോളോവേഴ്‌സ് ഉള്ള വലേറിയ സൗന്ദര്യ, ജീവിതശൈലി കണ്ടന്റുകളിലാണ് പ്രശസ്തയായത്. പ്രതി ആരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മെക്സിക്കോ സിറ്റി ഉൾപ്പെടെ മെക്സിക്കോയിലെ 32 സംസ്ഥാനങ്ങളിൽ കൊലപാതകങ്ങളുടെ കാര്യത്തിൽ ജാലിസ്കോ ആറാം സ്ഥാനത്താണ്.

