ന്യുയോര്‍ക്ക്: അമേരിക്കയിലെ ഇൻഡ്യാനയിൽ നോട്രെഡെയിം സർവകലാശാലയിൽ നിന്ന് മൂന്നു ദിവസം മുന്‍പ് കാണാതായ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. 21 വയസുള്ള ആന്‍ റോസ് ജെറിയുടെ മൃതദേഹം കാമ്പസിലെ സെന്റ് മേരീസ് ലെയ്ക്കില്‍ നിന്നാണ് കണ്ടെത്തിയത്.

മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്നാണു ആന്‍ റോസ് 2016-ല്‍ ബിരുദം നേടിയത്. എറണാകുളം സ്വദേശികളാണു കുടുംബം. നാഷനല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയാണു ആന്‍ റോസ് പഠനം നടത്തിയിരുന്നത്. ചൊവ്വാഴ്ച വൈകിട്ടു എട്ടേമുക്കാലോടെയാണു കുട്ടിയെ കാണാതായത്. ഇതേത്തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. മൃതദേഹം കിട്ടിയതോടെ അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.