ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയുടെ 75ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസം​ഗിക്കും. ന്യൂയോർക്കിലെ യുഎൻജിഎ ഹാളിലാണ് മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ പ്രക്ഷേപണം ചെയ്യുന്നത്. 75ാമത് യുഎൻ പൊതുസഭയിലെ ശനിയാഴ്ചയിലെ ആദ്യ പ്രഭാഷകൻ മോദിയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ മുൻ​ഗണനയെക്കുറിച്ചും ഭീകരവാദത്തിനെതിരായ ആ​ഗോള നടപടികളെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ചും മോദി പ്രസം​ഗത്തിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സുസ്ഥിര വികസനം, കാലാവസ്ഥ വ്യതിയാനം, എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഇടപെടേണ്ടതിന്റെ ആവശ്യകതയെയും കുറിച്ചും കൊവിഡ് 19 ന് എതിരായ ആ​ഗോള സഹകരണത്തിന് ഇന്ത്യ നൽകുന്ന സംഭാവനയെയും പ്രധാനമന്ത്രി പരാമർശിച്ചേക്കും. മഹാമാരിയുടെ സാഹചര്യത്തിൽ 150 ലധികം രാജ്യങ്ങൾക്ക് വേണ്ടി ആ​ഗോള ഫാർമസിയായി പ്രവർത്തിക്കുന്ന ഇന്ത്യയുടെ സ്ഥാനത്തെപ്പറ്റി പ്രധാനമന്ത്രി പരാമർശിക്കാനും ഇടയുണ്ട്. 

'നമുക്ക് വേണ്ട ഭാവി, നമുക്ക് ആവശ്യമായ ഐക്യരാഷ്ട്ര സംഘടന, ബഹുസ്വരതയോടുള്ള ഒത്തൊരുമിച്ചുള്ള കടപ്പാട് - ഒത്തുചേര്‍ന്നുള്ള നടപടികളിലൂടെ കൊവിഡ് 19നെ നേരിടാം' എന്നതാണ് ഇത്തവണത്തെ യുഎൻ പൊതുസഭയുടെ വിഷയം. സെപ്റ്റംബർ 22 മുതൽ 29 വരെ നടക്കുന്ന ജനറൽ സംവാദത്തിൽ 119 രാഷ്ട്രത്തലവൻമാരും, 54 സർക്കാർ മേധാവികളും മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ പ്രസ്താവനകൾ വഴി സംസാരിക്കും.