വാഷിംഗ്ടൺ: ഇംപീച്ച്മെന്‍റിൽ നിന്ന് രക്ഷപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എതിരാളിയും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറുമായ നാൻസി പെലോസിയുടെ ഹസ്തദാനം നിഷേധിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിറയുകയാണ്. ബജറ്റവതരണത്തിന് മുന്നോടിയായി സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിന് സെനറ്റിലെത്തിയ ട്രംപ് പ്രസംഗത്തിന്‍റെ പകർപ്പ് നാൻസി പെലോസിക്ക് കൊടുത്തു. അവർ ഷേക്ക് ഹാൻഡിനായി കൈ നീട്ടി. ട്രംപ് മുഖം തിരിച്ച് നടന്നു.

ജനാധിപത്യമര്യാദ അനുസരിച്ച്, ഹൗസ് സ്പീക്കർ എന്ന ഉന്നതമായ പദവി വഹിക്കുന്നയാൾക്ക് പ്രസിഡന്‍റ് ഹസ്തദാനം ചെയ്യുന്നത് പതിവാണ്. എന്നാൽ ട്രംപിനെതിരെ ഇംപീച്ച്മെന്‍റിന് ശുപാർശ ചെയ്ത, അതിനായി ശക്തമായി മുന്നോട്ടുപോയ ഡെമോക്രാറ്റുകളുടെ നേതാവായ നാൻസി പെലോസിയെ മനഃപൂർവം ട്രംപ് അധിക്ഷേപിക്കുകയായിരുന്നു എന്ന ആരോപണങ്ങളുയരുന്നുണ്ട്.

എന്നാൽ അതേ വേദിയിൽ വച്ച് നാൻസി പെലോസി ഇതിന് പകരം വീട്ടുന്ന ദൃശ്യങ്ങളും ശ്രദ്ധേയമായി. പ്രസിഡന്‍റിന്‍റെ പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്ന നാൻസി പെലോസി, പ്രസംഗത്തിന്‍റെ പകർപ്പ് രണ്ടായി വലിച്ച് കീറി. 

uvh0ebpo

: പ്രസംഗത്തിന്‍റെ പകർപ്പ് കീറുന്ന നാൻസി പെലോസി

പ്രസംഗത്തിന്‍റെ ആദ്യഭാഗത്ത് ഇംപീച്ച്മെന്‍റിനെക്കുറിച്ച് ട്രംപ് ഒരക്ഷരം മിണ്ടിയില്ല. എന്നാൽ സർക്കാരിന്‍റെ ഓരോ നേട്ടം ട്രംപ് എണ്ണിപ്പറയുമ്പോഴും റിപ്പബ്ലിക്കൻസ് അംഗങ്ങൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത് കാണാമായിരുന്നു. ഡെമോക്രാറ്റുകൾ പലപ്പോഴും നിശ്ശബ്ദരായിരിക്കുകയായിരുന്നു. 

അടുത്ത നാല് വർഷം കൂടി ട്രംപ് ഭരണം വേണമെന്ന മുദ്രാവാക്യങ്ങൾ പ്രസംഗത്തിനിടെ മുഴങ്ങി. ബരാക് ഒബാമയുടെ ഭരണകാലത്തേക്കാൾ എത്രയോ മെച്ചപ്പെട്ടു തന്‍റെ കാലത്തെ അമേരിക്കൻ സാമ്പത്തിക സ്ഥിതിയെന്ന് ട്രംപ് അവകാശപ്പെട്ടു.