Asianet News MalayalamAsianet News Malayalam

മരണസംഖ്യ കുത്തനെ ഉയരുന്നു; ന്യൂയോര്‍ക്കില്‍ മൃതദേഹങ്ങള്‍ പാര്‍ക്കുകളില്‍ മറവ് ചെയ്യും

മോര്‍ച്ചറികളില്‍ ഇനിയും മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള ഇടമില്ലെന്ന് നേരത്തേ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. കൊവിഡ് 10 ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം നീട്ടിവയ്ക്കുന്നത് സുരക്ഷിതമല്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് പുതിയ തീരുമാനവുമായി ഭരണകര്‍ത്താക്കള്‍ രംഗത്തെത്തിയിരിക്കുന്നത്

new york city to bury coronavirus victims on public lands like parks
Author
New York, First Published Apr 6, 2020, 11:08 PM IST

കൊറോണ വൈറസ് ഏറ്റവും വലിയ തിരിച്ചടികള്‍ സൃഷ്ടിച്ച ന്യൂയോര്‍ക്കില്‍ ദാരുണമായ അവസ്ഥകളാണ് കാണാനാകുന്നത്. ഓരോ ദിവസവും മരണസംഖ്യ കൂടുന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പോലും വേണ്ട സൗകര്യങ്ങളൊരുക്കാന്‍ ബുദ്ധിമുട്ടുകയാണ് അധികൃതര്‍. 

ഒരു ലക്ഷത്തില്‍പ്പരം ആളുകളെയാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊറോണ വൈറസ് പിടികൂടിയത്. നാലായിരത്തിലധികം പേര്‍ ഇതിനോടകം മരിച്ചുവെന്ന് 'ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ മൂവായിരം മരണവും ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രമായിട്ടായിരുന്നുവെന്നും യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ തേടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ശ്മശാനങ്ങളെല്ലാം ഇപ്പോള്‍ത്തന്നെ ഇടമില്ലാത്ത തരത്തിലേക്കെത്തിയിട്ടുണ്ട്. ഇതോടെയാണ് പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യാനായി തെരഞ്ഞെടുത്തിരിക്കുന്നത്. 

'മരിച്ചവരുടേയും അവരുടെ കുടുംബത്തിന്റേയും അന്തസിനോ അഭിമാനത്തിനോ ക്ഷതം സംഭവിക്കാത്ത തരത്തില്‍, മതപരമായ ആചാരങ്ങള്‍ക്ക് സൗകര്യമൊരുക്കിക്കൊണ്ട് തന്നെ സംസ്‌കാരത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യും. എങ്ങനെയും ഈ പ്രതിസന്ധിയെ മറികടക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനാണ് പ്രാധാന്യം നല്‍കുന്നത്. കഴിയാവുന്നിടത്തോളം പേരെ രക്ഷപ്പെടുത്തണം. അതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്...'- മേയര്‍ ബില്‍ ദെ പ്ലാസിയോ പറയുന്നു. 

മോര്‍ച്ചറികളില്‍ ഇനിയും മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള ഇടമില്ലെന്ന് നേരത്തേ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. കൊവിഡ് 10 ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം നീട്ടിവയ്ക്കുന്നത് സുരക്ഷിതമല്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് പുതിയ തീരുമാനവുമായി ഭരണകര്‍ത്താക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. 

അതേസമയം ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇനിയും മരണസംഖ്യ ഉയരുമെന്നാണ് കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് വേണ്ട വിവരങ്ങള്‍ ശേഖരിച്ച് യുഎസിനുള്‍പ്പെടെ നിര്‍ദേങ്ങള്‍ നല്‍കിവരുന്ന 'ദ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷന്‍' ഗവേഷകര്‍ അറിയിക്കുന്നത്. ആഗസ്റ്റ് നാലിനുള്ളില്‍ വലിയൊരു സംഖ്യയോളം മരണത്തിന് കീഴടങ്ങുമെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios