Asianet News MalayalamAsianet News Malayalam

ന്യൂസീലന്‍ഡ് ഭീകരാക്രമണം; തത്സമയ സംപ്രേഷണത്തിന്റെ 15 ലക്ഷം പകര്‍പ്പുകള്‍ ഫേസ്ബുക്ക് നീക്കി

24 മണിക്കൂറിനുള്ളിലാണ് ആക്രമണത്തിന്റെ വീഡിയോയുടെ 15 ലക്ഷം പകര്‍പ്പുകള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. എഡിറ്റ് ചെയ്തും രൂപം മാറ്റിയും ഇനിയും ഒട്ടേറെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലുണ്ട്.
 

New Zealand shooting; Facebook removed 1.5 million videos
Author
California, First Published Mar 17, 2019, 1:36 PM IST

കാലിഫോര്‍ണിയ: ന്യുസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ 15 ലക്ഷത്തോളം വീഡിയോകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. 24 മണിക്കൂറിനുള്ളിലാണ് അക്രമി ലൈവ് സ്ട്രീം ചെയ്ത വീഡിയോയുടെ ഇത്രയേറെ പകര്‍പ്പുകള്‍ പ്രചരിച്ചത്. എഡിറ്റ് ചെയ്തും രൂപം മാറ്റിയും ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത എണ്ണമറ്റ വീഡിയോകള്‍ ഇനിയും സോഷ്യല്‍ മീഡിയയിലുണ്ട്. അവയെല്ലാം നീക്കം ചെയ്യാനുള്ള കഠിനശ്രമത്തിലാണ് ഫേസ്ബുക്ക് അധിക്യതര്‍.

അപ്ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഫേസ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഇപ്പോള്‍ ഈ വീഡിയോ സ്വയം തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യുന്നുണ്ട്. ന്യൂസീലന്‍ഡ് ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ഇതിന്റെ എഡിറ്റ് ചെയ്ത ദ്യശ്യങ്ങളും നീക്കം ചെയ്യാനാണ് കമ്പനിയുടെ ശ്രമം.

തന്റെ തൊപ്പിയില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലൂടെ താന്‍ നടത്തിയ കൂട്ടക്കൊല തത്സമയം ലോകത്തെ കാണിക്കുകയായിരുന്നു അക്രമി. ഓസ്‌ട്രേലിയന്‍ പൗരനായ ബ്രെണ്ടണ്‍ ഹാരിസണ്‍ ടറന്റാണ് മനുഷ്യമന:സ്സാക്ഷിയെ മരവിപ്പിക്കുന്ന നരഹത്യ നടത്തിയത്. ഇതിന്റെ 17 മിനിറ്റ് നീളുന്ന ദ്യശ്യങ്ങളാണ് ഇയാള്‍ ലൈവായി സംപ്രേഷണം ചെയ്തത്.

സംപ്രേഷണം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഫേസ്ബുക്ക് അധിക്യതരെ വിവരമറിയിച്ചു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കൊലയാളിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകള്‍ മരവിപ്പിച്ചു. ന്യൂസീലന്‍ഡ് പൊലീസ് നടത്തുന്ന അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. കൊലയാളിക്ക് പിന്തുണയറിയിച്ചും കൊലവിളിക്ക് കൂട്ടുനിന്നുമുള്ള കമന്റുകളും പോസ്റ്റുകളും ഫേസ്ബുക്ക് നീക്കം ചെയ്യും. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഫേസ്ബുക്ക് ആദരമര്‍പ്പിച്ചു.

അതേസമയം ഫേസ്ബുക്കിന്റെ ലൈവ് സ്ട്രീം സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനായി, ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍, ഫേസ്ബുക്ക് അധിക്യതരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios