കറാച്ചി: കൂടത്തായി കൊലപാതക പരമ്പര വെളിച്ചത്തേക്ക് വന്നപ്പോള്‍ കേരളത്തിന് വലിയ ഞെട്ടലാണുണ്ടായത്. സമ്പത്തിനും മറ്റ് പലതിനും വേണ്ടി ഒരു സ്ത്രീ നടത്തിയ ആസൂത്രിതമായ കൊലപാതകങ്ങള്‍ എന്നതിനപ്പുറം 17 വര്‍ഷത്തോളം ആര്‍ക്കും സംശയം പോലുമുണ്ടായില്ലെന്നതാണ് ഏവരെയും ഞെട്ടിച്ചത്. രാജ്യമാകെ ചര്‍ച്ചയായ കൂടത്തായി കൊലപാതക പരമ്പര ഇപ്പോള്‍ അതിര്‍ത്തികടന്നും ചര്‍ച്ചയാകുകയാണ്.

പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ദി ഡോണ്‍ വലിയ പ്രാധാന്യത്തോടെയാണ് കേരളത്തിലെ സ്ത്രീ നടത്തിയ കൊലപാതക പരമ്പര റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമ്പത്തിന് വേണ്ടി 17 വര്‍ഷത്തിനിടെ ആറ് കുടുംബാംഗങ്ങളെകൊന്ന സ്ത്രീ എന്ന തലക്കെട്ടോടെയാണ് ഡോണ്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ എഡിഷനില്‍ ഉര്‍ദു ഭാഷയിലാണ് ജോളിയുടെ കൊലപാതക പരമ്പര ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത്രയും കാലം ഇത് മറച്ചുവയ്ക്കാന്‍ കഴിഞ്ഞതിലെ ഞെട്ടലും പത്രം മറച്ചുവയ്ക്കുന്നില്ല.

അതേസമയം ജോളി നടത്തിയ നടത്തിയ കൂടുതല്‍ വധശ്രമങ്ങളുടെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കുടുംബത്തിനകത്തേയും പുറത്തേയും പലരുടേയും പെണ്‍മക്കളെ ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നത് ഏവരെയും ഞെട്ടിക്കുന്നതാണ്. അടുത്ത സുഹൃത്തായ ജയശ്രീയുടെ മകളെ രണ്ട് തവണ ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായാണ് അവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. 

കുഞ്ഞിന് രണ്ട് വയസ്സുള്ള സമയത്താണ്  ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത്. ആറ് മാസത്തെ ഇടവേളയില്‍ രണ്ട് തവണയായി ജോളി കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു. കുഞ്ഞിനെ വിഷബാധയേറ്റ രണ്ട് സന്ദര്‍ഭങ്ങളിലും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ജയശ്രീയും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ആദ്യത്തെ തവണ കുഞ്ഞിനെ വയ്യെന്ന് ജയശ്രീയെ വിളിച്ച് അറിയിച്ചതും ജോളിയാണ് രണ്ട് തവണയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് വിഷബാധയേറ്റെന്ന് തെളിഞ്ഞെങ്കിലും അടുത്ത സുഹൃത്തായ ജോളിയെ മാത്രം ജയശ്രീ സംശയിച്ചിരുന്നില്ല.

സ്വത്തുകള്‍ ജോളിയുടെ പേരില്‍ മാറ്റിയെഴുത്തി കൊണ്ടുള്ള വ്യാജ ഒസ്യത്ത് തയ്യാറാക്കിയതില്‍ ജയശ്രീയുടെ ഇടപെടലുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. അത്രയും അടുത്തബന്ധം പുലര്‍ത്തിയ ജയശ്രീയുടെ മകളേയും ജോളി രണ്ട് വട്ടം കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന വിവരം അന്വേഷണ സംഘത്തെ പോലും അമ്പരിപ്പിച്ചിട്ടുണ്ട്.

തഹസില്‍ദാര്‍ ജയശ്രീയുടെ മകള്‍, മുന്‍ഭര്‍ത്താവായ റോയിയുടെ സഹോദരി റെ‍ഞ്ചിയുടെ മകള്‍ എന്നിവരെ കൂടാതെ മൂന്നാമതൊരു പെണ്‍കുട്ടിയെ കൂടി ജോളി വധിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. റോയിയുടെ ബന്ധുവായ മാര്‍ട്ടിന്‍റെ മകളെയാണ് ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.