കഴിഞ്ഞ മാസമാണ് നീരവ് മോദിയെ ലണ്ടനിൽ വച്ച് സ്കോട്ട്‍ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് നീരവിനെ കോടതിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഹാജരാക്കിയത്. 

ലണ്ടൻ: വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദിക്ക് ജാമ്യമില്ല. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതിയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ മാസമാണ് നീരവ് മോദിയെ ലണ്ടനിൽ വച്ച് സ്കോട്ട്‍ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് നീരവിനെ കോടതിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഹാജരാക്കിയത്. അറസ്റ്റിലായ ശേഷം വാൻഡ്‍സ് വർത്ത് ജയിലിലാണ് നീരവിനെ പാർപ്പിച്ചിരിക്കുന്നത്.

വെസ്റ്റ്മിൻസ്റ്റർ കോടതിയിലെ ചീഫ് മജിസ്ട്രേറ്റ് എമ്മ ആർബത്ത്‍നോട്ടാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ മാസം 29-നും നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വീണ്ടും വാദം തുടങ്ങിയാൽ നീരവ് കോടതിയിൽ വരില്ലെന്നും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. 

നീരവ് മോദിയുടെ സെക്യൂരിറ്റി തുകയായി പത്ത് ലക്ഷം പൗണ്ട് (ഒമ്പത് കോടി രൂപ) കോടതിയിൽ കെട്ടിവയ്ക്കാൻ തയ്യാറാണെന്ന് അഭിഭാഷകർ അറിയിച്ചിരുന്നു. ഒപ്പം നീരവിന്‍റെ ചലനങ്ങൾ ഇലക്ട്രോണിക് ജിപിഎസ് ഉപകരണങ്ങൾ വഴി കോടതിയ്ക്കും പൊലീസിനും പരിശോധിക്കാമെന്നും ആവശ്യമെങ്കിൽ വീട്ടു തടങ്കലിൽ വയ്ക്കാമെന്നും വരെ അഭിഭാഷകർ കോടതിയിൽ വാദിച്ചു നോക്കി. സോളിസിറ്റർ ആനന്ദ് ദൂബെയും ബാരിസ്റ്റർ ക്ലെയർ മോണ്ട്‍‍ഗോമെറി എന്നിവരാണ് നീരവ് മോദിക്ക് വേണ്ടി ഹാ‍ജരായത്. 

എന്നാൽ വനാതു എന്ന ദ്വീപരാഷ്ട്രത്തിന്‍റെ പൗരത്വം നേടി അങ്ങോട്ട് കുടിയേറാൻ നീരവ് മോദി ശ്രമിക്കുന്നത് ചൂണ്ടിക്കാട്ടിയ ചീഫ് മജിസ്ട്രേറ്റ് ഇന്ത്യയിൽ ഒരു കേസ് നടക്കുന്ന സമയത്ത് രാജ്യം വിടാൻ ശ്രമിക്കുകയാണെന്നും നിരീക്ഷിച്ചു. 

മധ്യ ലണ്ടനിലെ ഒരു ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കാൻ ശ്രമിക്കവെ മാർച്ച് 19-നാണ് നീരവ് മോദി അറസ്റ്റിലാവുന്നത്. അറസ്റ്റിലായ ശേഷം നടത്തിയ പരിശോധനയിൽ നീരവ് മോദിയുടെ പക്കൽ നിരവധി പാസ്‍പോർട്ടുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും നിരസിക്കപ്പെടുന്നത്. 

Scroll to load tweet…