Asianet News MalayalamAsianet News Malayalam

'ചൈനീസ് കപ്പലിന് നങ്കൂരമിടാൻ അനുമതി നൽകിയിട്ടില്ല, ഇന്ത്യയുടെ ആശങ്ക പ്രധാനം'; നയം വ്യക്തമാക്കി ശ്രീലങ്ക 

ഒക്ടോബറിൽ ശ്രീലങ്കൻ തുറമുഖത്ത് ഷി യാൻ 6 എന്ന ചൈനീസ് ചാരക്കപ്പൽ നങ്കൂരമിടുമെന്ന് വാർത്ത പുറത്തുവന്നിരുന്നു

No Permission For China Ship, Indian Concerns Important, says Sri Lankan Minister prm
Author
First Published Sep 26, 2023, 8:13 AM IST

കൊളംബോ: ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാൻ ചെയ്യാൻ അനുമതി നൽകിയിട്ടില്ലെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ പ്രധാനമാണെന്നും അതുകൊണ്ടു തന്നെ ചൈനീസ് കപ്പലിന് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബറിൽ ശ്രീലങ്കൻ തുറമുഖത്ത് ഷി യാൻ 6 എന്ന ചൈനീസ് ചാരക്കപ്പൽ നങ്കൂരമിടുമെന്ന് വാർത്ത പുറത്തുവന്നിരുന്നു. വിദേശ കപ്പലുകൾ സംബന്ധിച്ച് ശ്രീലങ്കക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) ഉണ്ടെന്നും ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി സുഹൃദ് രാജ്യങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വളരെക്കാലമായി അതിന്റെ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഈ വിഷയത്തിൽ നടപടിക്രമം പുറത്തിറക്കി. നടപടിക്രമം രൂപീകരിക്കുമ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കൂടിയാലോചിച്ചിരുന്നെന്നും നടപടിക്രമം പാലിക്കുന്നില്ലെങ്കിൽ പ്രശ്‌നമുണ്ടെ്നനും അലി സാബ്രി എഎൻഐയോട് പറഞ്ഞു.

ചൈനീസ് കപ്പലായ ഷി യാൻ 6 ഒക്ടോബറിൽ നങ്കൂരമിടുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ അനുമതി നൽകിയിട്ടില്ല. ചർച്ചകൾ നടക്കുകയാണ്. ഇന്ത്യ ഉയർത്തുന്ന സുരക്ഷാ ആശങ്കകൾ ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങൾ അത് എപ്പോഴും പറഞ്ഞിട്ടുണ്ട്. ശ്രീലങ്ക ഉൾപ്പെടുന്ന മേഖല സമാധാനത്തോടെ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അലി സാബ്രി പറഞ്ഞു. വിദേശ കപ്പലുകൾക്കായി എസ്‌പി‌ഒ തയ്യാറാക്കിയിട്ടുണ്ടെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും പറഞ്ഞിരുന്നു.

നാഷണൽ അക്വാറ്റിക് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഏജൻസിയുമായി ചേർന്ന് ഗവേഷണത്തിനായി ചൈനീസ് കപ്പൽ ഒക്ടോബറിൽ ശ്രീലങ്കയിൽ പ്രതീക്ഷിക്കുന്നതായി ശ്രീലങ്ക ആസ്ഥാനമായുള്ള ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്തരുന്നു. യുഎസ് അണ്ടർ സെക്രട്ടറി വിക്ടോറിയ നൂലാൻഡ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രിയുമായുള്ള കൂടിക്കാഴ്ചയിൽ കപ്പലുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉന്നയിച്ചിരുന്നു. ചൈനയുടേത് ചാരക്കപ്പലാണെന്നാണ് ഇന്ത്യയുടെ വാദം. 

Read More.... ഇന്ത്യ-കാനഡ തർക്കത്തിന് പിന്നാലെ രഹസ്യാന്വേഷണ ഏജൻസികളുടെ യോഗം, എംബസികൾക്ക് ജാഗ്രതാ നിർദ്ദേശം

ഷി യാൻ 6 ഒക്‌ടോബർ 26-ന് കൊളംബോ തുറമുഖത്ത് എത്തുമെന്നും നവംബർ 10 വരെ 17 ദിവസത്തേക്ക് ശ്രീലങ്കയുടെ തുറമുറങ്ങളിൽ പ്രവർത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ചൈനയുടെ നീക്കത്തെ ആശങ്കയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. നേരത്തെയും ചൈനീസ് ചാരക്കപ്പലുകൾ ലങ്കൻ തീരങ്ങളിലെത്തിയിരുന്നു. അന്ന് ഇന്ത്യ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണ വിവരങ്ങൾ ചോർത്തലടക്കം ചൈനീസ് കപ്പലുകളുടെ അജണ്ടയിലുണ്ടെന്നായിരുന്നു അഭ്യൂഹം. 2022 നവംബറിൽ, ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 6 ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് കടക്കുന്നതിൽ ഇന്ത്യ എതിർപ്പറിയിച്ചു. 2022 ഓഗസ്റ്റിൽ, ഇന്ത്യൻ പ്രതിഷേധങ്ങളെ അവഗണിച്ച്, മറ്റൊരു കപ്പൽ, യുവാൻവാങ് 5 ശ്രീലങ്കൻ തുറമുഖമായ ഹമ്പൻടോട്ടയിൽ ഒരാഴ്ച നങ്കൂരമിട്ടു. ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികൾക്ക് പാർട്ട്ണർഷിപ്പുള്ള തന്ത്രപ്രധാനമായ തുറമുഖമാണ് ഹമ്പൻടോട്ട.

Follow Us:
Download App:
  • android
  • ios