മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്ന ഉയരത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ഈ ബാലിസ്റ്റിക് മിസൈലുകള്‍. ഇത്തരം പോര്‍മുനകള്‍ ഘടിപ്പിച്ച ഹ്രസ്വദൂര മിസൈലുകള്‍ക്ക് 17 ഏക്കര്‍ വരെ പ്രദേശം കത്തിച്ചാമ്പലാക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
സിയോള്‍: മാരകപ്രഹരശേഷിയുള്ള ക്ലസ്റ്റര്‍ ബോംബ് പോര്‍മുനകള്‍ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയ. മൂന്ന് ദിവസത്തിനുള്ളില്‍ ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളില്‍, ഇത്തരം ബാലിസ്റ്റിക് മിസൈലുകള്‍ കൂടി ഉള്‍പ്പെട്ടതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
കിഴക്കന്‍ തീരപ്രദേശത്ത് നിന്ന് ഉത്തര കൊറിയ ഒന്നിലധികം മിസൈലുകള്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ ഔദ്യോഗിക വിശദീകരണം വന്നത്. തിങ്കളാഴ്ച ആരംഭിച്ച ആയുധ പരീക്ഷണങ്ങള്‍ മൂന്ന് ദിവസം നീണ്ടുനിന്നതായി ഉത്തരകൊറിയ വ്യക്തമാക്കി. വിമാനവേധ ആയുധങ്ങള്‍, വൈദ്യുതകാന്തിക ആയുധങ്ങള്‍, കാര്‍ബണ്‍ ഫൈബര്‍ ബോംബുകള്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നതായി കെ.സി.എന്‍.എ റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യയുടെ ഇസ്‌കന്ദര്‍ മിസൈലുകളോട് സാമ്യമുള്ള ഹ്വാസോങ്-11 ബാലിസ്റ്റിക് മിസൈലുകളിലാണ് ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച് പരീക്ഷിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്ന ഉയരത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ഈ ബാലിസ്റ്റിക് മിസൈലുകള്‍. ഇത്തരം പോര്‍മുനകള്‍ ഘടിപ്പിച്ച ഹ്രസ്വദൂര മിസൈലുകള്‍ക്ക് 17 ഏക്കര്‍ വരെ പ്രദേശം കത്തിച്ചാമ്പലാക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
മിസൈല്‍ പരീക്ഷണം നടന്നതായി ദക്ഷിണ കൊറിയന്‍ സൈന്യമാണ് ആദ്യം അറിയിച്ചത്. ബുധനാഴ്ച വിക്ഷേപിച്ച മിസൈലുകള്‍ 240 മുതല്‍ 700 കിലോമീറ്റര്‍ വരെ സഞ്ചരിച്ച ശേഷം കടലില്‍ പതിച്ചതായി ദക്ഷിണ കൊറിയന്‍ സൈനിക മേധാവി അറിയിച്ചു. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിന് സമീപത്ത് നിന്ന് ഇതിന് തലേന്ന് മറ്റൊരു മിസൈല്‍ പരീക്ഷണം നടത്തിയതായും ദക്ഷിണ കൊറിയ സൈന്യം അറിയിച്ചു. ക്ലസ്റ്റര്‍ബോംബ് പോര്‍മുനകളുടെ പരീക്ഷണം നടത്തിയെന്ന ഉത്തര കൊറിയയുടെ അവകാശവാദളോട് ദക്ഷിണ കൊറിയന്‍ സൈന്യം പ്രതികരിച്ചില്ല.
2019-ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനുശേഷം, ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ദക്ഷിണ കൊറിയയുമായും അമേരിക്കയുമായുള്ള നയതന്ത്രബന്ധങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പകരം, ആണവ മിസൈല്‍ വികസന പദ്ധതി കിം വേഗത്തിലാക്കി. ഇതോടൊപ്പം, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനും കിം ശ്രമിക്കുന്നുണ്ട്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യാഴാഴ്ച ഉത്തര കൊറിയയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്.


