കൊറിയന്‍ ചരിത്രത്തില്‍ പ്രധാന സ്ഥാനമാണ് പെക്ടു മലനിരകള്‍. കൊറിയന്‍ സാമ്രാജ്യംസ്ഥാപിച്ച ഡാന്‍ഗുനിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ഈ മലനിരകളിലാണ്. അതോടൊപ്പം കിം ജോങ് ഉന്നിന്‍റെ പിതാവിന്‍റെ ജന്മ സ്ഥലവും ഇതു തന്നെ. 

സോള്‍: ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ പുറത്തുവിട്ട ചിത്രത്തിന് പിന്നാലെയാണിപ്പോള്‍ ലോകം. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പെക്ടു മലനിരകളില്‍ വെള്ളക്കുതിരപ്പുറത്തേറി സവാരി ചെയ്യുന്ന ചിത്രമാണ് ന്യൂസ് ഏജന്‍സി പുറത്തുവിട്ടത്. ചിത്രം പുറത്തുവിട്ടതോടെ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. മറ്റൊരു യുദ്ധ തീരുമാനമെടുക്കാനാണോ കിം എത്തിയതെന്ന് അന്താരാഷ്ടട്ര മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു.

കൊറിയന്‍ ചരിത്രത്തില്‍ പ്രധാന സ്ഥാനമാണ് പെക്ടു മലനിരകള്‍. കൊറിയന്‍ സാമ്രാജ്യംസ്ഥാപിച്ച ഡാന്‍ഗുനിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ഈ മലനിരകളിലാണ്. അതോടൊപ്പം കിം ജോങ് ഉന്നിന്‍റെ പിതാവിന്‍റെ ജന്മ സ്ഥലവും ഇതു തന്നെ. കൊറിയന്‍ ജനത ഏറെ പവിത്രമായാണ് ഈ മലനിരകളെ കാണുന്നത്. അതുകൊണ്ട് തന്നെ സുപ്രധാനമായ രാഷ്ട്രീയ തീരുമാനമെടുക്കാനാണ് കിം എത്തിയതെന്ന് മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു. ഉത്തര കൊറിയയെ ഒരുപടി മുന്നോട്ട് നയിക്കുന്ന തീരുമാനമാണ് യാത്രയിലുണ്ടായതെന്ന് ന്യൂസ് ഏജന്‍സിയും സൂചന തരുന്നു. 

രാജ്യത്തിന്‍റെ ഗതി നിര്‍ണയിക്കുന്ന തീരുമാനങ്ങള്‍ക്ക് മുമ്പാണ് ഉത്തരകൊറിയന്‍ ഭരണാധികാരികള്‍ പെക്ടു മലനിരകളില്‍ സന്ദര്‍ശനം നടത്തുക. 
മുമ്പും നിര്‍ണായക തീരുമാനങ്ങളെടുക്കും മുമ്പ് കിം പെക്ടു മലനിരകളില്‍ യാത്ര നടത്തിയിരുന്നു. 2017ല്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് തൊട്ട് മുമ്പും കിം ഇവിടെയെത്തി. നിര്‍ണായകമായ രാഷ്ട്രീയ അന്തരീക്ഷത്തിലൂടെയാണ് ഉത്തരകൊറിയ കടന്നുപോകുന്നത്.

അമേരക്കയുമായുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ പോകുകയും ദക്ഷിണകൊറിയയുമായുള്ള ബന്ധത്തില്‍ പുരോഗതിയില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കിമ്മിന്‍റെ പെക്ടു കുതിര സവാരി. അതേസമയം, ഉത്തരകൊറിയയുടെ ശക്തി ലോകരാജ്യങ്ങളെ അറിയിക്കാന്‍ ഉപഗ്രഹ വിക്ഷേപണത്തിനാണ് കിം തയ്യാറെടുക്കുന്നതെന്നും അല്ലെങ്കില്‍ സാമ്പത്തിക നയം പ്രഖ്യാപിക്കാനാണെന്നും ഊഹാപോഹങ്ങളുണ്ട്.