അക്കൌണ്ടിലെത്തിയ പണം കടം വീട്ടാൻ ഉപയോഗിച്ചെന്നും ബാക്കി പണം നാട്ടിലെ കുടുംബത്തിന് അയച്ചെന്നും 47കാരൻ കോടതിയിൽ പറഞ്ഞു

സിംഗപ്പൂർ: തന്‍റെ ബാങ്ക് അക്കൌണ്ടിൽ അബദ്ധത്തിലെത്തിയ 16 ലക്ഷം രൂപ തിരികെ നൽകാതിരുന്നതിനെ തുടർന്ന് ഇന്ത്യക്കാരന് തടവുശിക്ഷ. പെരിയസാമി മതിയഴഗൻ എന്ന 47കാരനാണ് സിംഗപ്പൂർ കോടതി ശിക്ഷ വിധിച്ചത്. ഒൻപത് ആഴ്ചത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.

പണം തന്‍റേതല്ലെന്ന് അറിഞ്ഞിട്ടും തിരികെ നൽകാതിരുന്നതിനെ തുടർന്നാണ് കോടതി 47കാരന് ശിക്ഷ വിധിച്ചത്. അക്കൌണ്ടിലെത്തിയ പണം കടം വീട്ടാൻ ഉപയോഗിച്ചെന്നും ബാക്കി പണം നാട്ടിലെ കുടുംബത്തിന് അയച്ചെന്നും പെരിയസാമി മതിയഴഗൻ കോടതിയെ അറിയിച്ചു.

പെരിയസാമി 2021 മുതൽ 2022 വരെ സിംഗപ്പൂരിലെ ഒരു പ്ലമ്പിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കമ്പനിയിലെ അഡ്മിനിസ്ട്രേറ്റർ കമ്പനിയുടെ അക്കൌണ്ടിലേക്ക് ഇടേണ്ട 16 ലക്ഷം രൂപ, തെറ്റി പെരിയസാമിയുടെ അക്കൌണ്ടിലേക്ക് അയച്ചു. കമ്പനിയുടെ ഡയറക്ടർ പറയുമ്പോഴാണ് അക്കൌണ്ട് മാറിപ്പോയെന്ന് അഡ്മിനിസ്ട്രേറ്റർക്ക് മനസ്സിലായത്. തുടർന്ന് ബാങ്കിനെ ഇക്കാര്യം അറിയിച്ചു. ബാങ്ക് രേഖകളിലുണ്ടായിരുന്നത് പെരിയസാമിയുടെ ഓഫീസ് അഡ്രസാണ്. ആ വിലാസത്തിൽ കത്തയച്ചിട്ട് മറുപടി ലഭിക്കാതിരുന്നതോടെ അഡ്മിനിസ്ട്രേറ്റർ പരാതി നൽകി. 

പെരിയസാമി അപ്പോഴേക്കും അക്കൌണ്ടിലെത്തിയ പണം മെയ് 11നും 12നുമായി വേറെ നാല് അക്കൌണ്ടുകളിലേക്ക് മാറ്റിയിരുന്നു. പണം ചെലവായിപ്പോയി എന്നാണ് പെരിയസാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പണം തിരികെ നൽകാൻ സമയം ആവശ്യപ്പെട്ടു. എന്നാൽ പറഞ്ഞ തിയ്യതിയിലും പണം തിരികെ നൽകാതിരുന്നതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. 


ഇതെന്താണിത്? തീരത്തടിഞ്ഞ് വെളുത്ത നിഗൂഢ വസ്തു; കാഴ്ചയിൽ ഉണ്ടാക്കിയിട്ട് ശരിയാകാത്ത റൊട്ടി പോലെ, അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം