മഞ്ഞ് കാലമായിട്ട് കൂടിയും 1.5 മില്യണ്‍ ആളുകളാണ് ഇവിടെ പൂര്‍ണമായും ഇരുട്ടില്‍ കഴിയേണ്ടി വരുന്നത്. വൈദ്യുതി ഉല്‍പാദന സംവിധാനങ്ങള്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ നശിച്ചതോടെയാണ് ഒഡെസ ഇരുട്ടിലേക്ക് നീങ്ങിയത്.

നിര്‍ണായക മേഖലകളില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നതോടെ യുക്രൈനിലെ പലയിടങ്ങളിലും നേരിടുന്നത് വലിയ ഊര്‍ജ്ജ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. യുക്രൈനിലെ ഒഡെസയിലാണ് മഞ്ഞ് കാലമായിട്ട് കൂടിയും ഇത്തരത്തില്‍ ഗുരുതര പ്രതിസന്ധിയിലെത്തിയിരിക്കുന്നത്. മഞ്ഞ് കാലമായിട്ട് കൂടിയും 1.5 മില്യണ്‍ ആളുകളാണ് ഇവിടെ പൂര്‍ണമായും ഇരുട്ടില്‍ കഴിയേണ്ടി വരുന്നത്. വൈദ്യുതി ഉല്‍പാദന സംവിധാനങ്ങള്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ നശിച്ചതോടെയാണ് ഒഡെസ ഇരുട്ടിലേക്ക് നീങ്ങിയത്.

സാഹചര്യം വളരെ ബുദ്ധിമുട്ട് നിറഞ്ഞ അവസ്ഥയിലാണെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കി പ്രതികരിച്ചത്. ഒഡെസയുടെ തെക്കന്‍ തുറമുഖ നഗര മേഖലയിലെ എല്ലാ നിര്‍ണായക സംവിധാനങ്ങളെയും ഡ്രോണ്‍ ആക്രമണം തകര്‍ത്തിരിക്കുകയാണ്. റഷ്യയ്ക്ക് ആയുധവും ആക്രമണത്തിനുള്ള മറ്റ് സഹായങ്ങളും ചെയ്ത് നല്‍കുന്നതിന് യുണൈറ്റഡ് നേഷന്‍സ് ഇറാനെ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ഈ തുറമുഖ നഗരം ഇരുട്ടിലായത്. തെഹ്റാനാണ് മോസ്കോയ്ക്ക് സൈനിക സഹായം നല്കുന്നതെന്നാണ് യുണൈറ്റഡ് നേഷന്‍സ് കുറ്റപ്പെടുത്തിയത്. ഇറാന്‍ നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിച്ചാണ് യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയിട്ടുള്ളത്. ഒഡേസയിലെ നിര്‍ണായക മേഖലയിലെല്ലാം തന്നെ വൈദ്യുതി പ്രശ്നം സാരമായി ബാധിച്ചിട്ടുണ്ട്.

15ല്‍ അധികം ഡ്രോണുകളാണ് ഒഡേസയേയും മികോലേവിനെയും ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതെന്നാണ് യുക്രൈന്‍ സേനാ വ്യൂഹങ്ങളും വിശദമാക്കുന്നത്. ഇതില്‍ 10ഓളം ഡ്രോണുകളെ വെടിവച്ച് വീഴ്ത്തിയെന്നാണ് യുക്രൈന്‍ വിശദമാക്കുന്നത്. ഒക്ടോബര്‍ മുതലാണ് റഷ്യ യുക്രൈനിലെ ഊര്‍ജ്ജ മേഖലയെ ലക്ഷ്യമിട്ടുള്ള വ്യോമ ഡ്രോണ്‍ ആക്രമണം രൂക്ഷമാക്കിയത്. ശനിയാഴ്ചയുണ്ടായ ആക്രമണം സുപ്രധാന വൈദ്യുത ലൈനുകളെയെല്ലാം തകരാറിലാക്കിയെന്നാണ് യുക്രൈന്‍ വിശദമാക്കുന്നത്.

Scroll to load tweet…

കരാറുകളേക്കുറിച്ചുള്ള പ്രാഥമിക പരിശോധനയ്ക്ക് ശേഷം പ്രതീക്ഷിച്ചതിലും അധികം സമയം ഒഡേസയിലെ അറ്റകുറ്റപണികള്‍ക്ക് ആവശ്യമായി വരുമെന്നാണ് ഭരണകൂടം വിശദമാക്കിയത്. അതിനാല്‍ മഞ്ഞുകാലത്തിന്‍റെ നല്ലൊരു പങ്കും ഇരുട്ടില്‍ കഴിയേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.