യുഎന്നിന്‍റെ ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ സയന്‍സ് പോളിസി പ്ലാറ്റ്ഫോം ഓണ്‍ ബയോഡൈവേഴ്സിറ്റി ആന്‍ഡ് എക്കോ സിസ്റ്റം സര്‍വിസസിലാണ് (IPBES)റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

ന്യൂയോര്‍ക്ക്: ഭൂമിയിലെ എട്ടിലൊന്ന് ജീവിവര്‍ഗങ്ങളും കടുത്ത വംശനാശ ഭീഷണിയിലേക്കെന്ന് യുഎന്‍ റിപ്പോര്‍ട്ട്. സസ്യ വര്‍ഗം, ജന്തുവര്‍ഗം, ചെറുപ്രാണികള്‍ തുടങ്ങിയവയിലുള്‍പ്പെടുന്ന 10 ലക്ഷം ജീവിവര്‍ഗങ്ങളാണ് അടുത്ത ദശാബ്ദങ്ങള്‍ക്കുള്ളില്‍ വംശനാശ ഭീഷണി നേരിടുക. യുഎന്നിന്‍റെ ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ സയന്‍സ് പോളിസി പ്ലാറ്റ്ഫോം ഓണ്‍ ബയോഡൈവേഴ്സിറ്റി ആന്‍ഡ് എക്കോ സിസ്റ്റം സര്‍വിസസിലാണ് (IPBES)റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

യുഎസ്, റഷ്യ എന്നീ രാജ്യങ്ങളിലടക്കം 50 രാജ്യങ്ങളിലെ 145 ശാസ്ത്രജ്ഞന്മാര്‍ 15000ത്തോളം ശാസ്ത്രീയ, ഗവണ്‍മെന്‍റ് സോഴ്സുകളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. ഭൂമിയില്‍ മനുഷ്യന്‍റെ അനിയന്ത്രിതമായ ഇടപെടലാണ് വംശനാശ ഭീഷണിക്ക് കാരണമെന്നും പഠനത്തില്‍ പറയുന്നു.

കഴിഞ്ഞ 10 ദശലക്ഷം വര്‍ഷങ്ങളെടുക്കുമ്പോള്‍ ഏറ്റവും വേഗത്തില്‍ വംശനാശ ഭീഷണി സംഭവിക്കുന്നതിപ്പോഴാണെന്നും പഠനം പറയുന്നു. അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ച, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് ജീവി വര്‍ഗങ്ങളെ അപകടത്തിലാക്കിയത്. ഇത്രയും ജീവിവര്‍ഗങ്ങളുടെ വംശനാശ ഭീഷണി മനുഷ്യന്‍റെ നിലനില്‍പ്പിനെ നേരിട്ട് ബാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജോസഫ് സെറ്റ്ലി പറഞ്ഞു. 1800 പേജുകള്‍ അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. വ്യവസായികവത്കരണം, കൃഷി, മത്സ്യബന്ധനം എന്നിവയാണ് ജീവി വര്‍ഗങ്ങളുടെ നാശത്തിന് ആക്കം കൂട്ടിയത്.

കാടുകളുടെ നാശം, സ്വാഭാവിക കൃഷി സ്ഥലങ്ങളുടെ നാശം, ചതുപ്പ് നിലങ്ങളുടെ നാശം എന്നിവയാണ് നഗരവത്കരണം കാരണം പെട്ടെന്നുണ്ടായ മാറ്റം. കോണ്‍ക്രീറ്റ് കേന്ദ്രീകൃതമായ വികസന നയവും തിരിച്ചടിയായി. സമൂലമായ മാറ്റത്തിന് ഇനിയും തയാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വരും തലമുറയെ മാത്രമല്ല, നിലവിലെ തലമുറയെയും സന്തുലിതാവസ്ഥയുടെ തകര്‍ച്ച ബാധിക്കും.

പാരിസ്ഥിതിക വിപത്തില്‍നിന്ന് ഭൂമിയെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് പഠനം. പരാഗണ ജീവികളുടെ കുറവ് മൂലം നിലവില്‍ 577 ശതകോടി ഡോളറിന്‍റെ കുറവാണ് ഭക്ഷ്യമേഖലയില്‍ ഉണ്ടാകുന്നത്. വരള്‍ച്ചയുടെയും കൊടുങ്കാറ്റിന്‍റെയും ദുരിതം അനുഭവിക്കുന്നവരുടെ എണ്ണം 300 ദശലക്ഷം വര്‍ധിച്ചു.