ജൂലൈ മുതൽ പ്രതിദിന ക്രൂഡ് ഓയിൽ ഉത്പാദനം 6,48,000 ബാരൽ ആയി ഉയർത്തും; തീരുമാനം ആഗോളതലത്തിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ; സ്വാഗതം ചെയ്ത് അമേരിക്ക

അമേരിക്ക: ആഗോള വിലക്കയറ്റം തടയാൻ സുപ്രധാന തീരുമാനവുമായി ലോകരാജ്യങ്ങൾ. എണ്ണ ഉത്പാദനം 50 ശതമാനം കൂട്ടാൻ ഒപെക് പ്ലസ് (OPEC PLUS) രാജ്യങ്ങൾ തീരുമാനിച്ചു. ജൂലൈ മുതൽ പ്രതിദിന ക്രൂഡ് ഓയിൽ ഉത്പാദനം 6,48,000 ബാരൽ ആയി ഉയർത്തും. ഇതോടെ നിലവിലുള്ളതിനേക്കാൾ രണ്ടു ലക്ഷം ബാരൽ ക്രൂഡ് ഓയിൽ അധികമായി വിപണിയിലെത്തും. 13 ഒപെക് രാജ്യങ്ങൾക്കൊപ്പം എണ്ണ ഉത്പാദിപ്പിക്കുന്ന മറ്റ് 10 രാജ്യങ്ങളും ചേർന്നാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

എണ്ണവില ഉയർന്നുനിൽക്കുന്നത് ആഗോള പണപ്പെരുപ്പത്തെ സ്വാധീനിക്കുന്ന സാഹചര്യത്തിലാണ് സുപ്രധാന നടപടി. ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്ന് കരകയറ്റാൻ ഈ തീരുമാനം സഹായിക്കുമെന്ന് രാജ്യങ്ങൾ വിലയിരുത്തി. ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ ഒപെക് രാജ്യങ്ങൾക്കുമേൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സമ്മർദം ഉണ്ടായിരുന്നു. എണ്ണ ഉത്പാദനം കൂട്ടുന്ന കാര്യം ചർച്ച ചെയ്യാൻ യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഈ മാസം അവസാനം സൗദിയിലെത്താൻ ഇരിക്കെയാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം അമേരിക്ക സ്വാഗതം ചെയ്തു. 

ഉത്പാദനം കൂട്ടുമെന്ന സൂചന വന്നതോടെ തന്നെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറഞ്ഞിരുന്നു. ബ്രെന്റ് ക്രൂഡ് വില ഇന്ന് ബാരലിന് 113 ഡോളറിലേക്ക് താഴ്ന്നു. മൂന്ന് ദിവസം മുമ്പ് ഇത് 124 ഡോളർ ആയിരുന്നു. എന്നാൽ ഒപെക് പ്ലസ് പ്രഖ്യാപനം ഔദ്യോഗികമായി വന്ന ശേഷം ക്രൂഡ് വില അൽപം ഉയർന്ന് 116 ഡോളറായി. ഒപെക് പ്ലസ് തീരുമാനം പൂർണ തോതിൽ നടപ്പാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉള്ളതിനാലാണ് വിപണിയിലെ ഈ ചാഞ്ചാട്ടം. 

അസർബൈജാൻ, ബഹ്‍റൈൻ, ബ്രൂണെ, കസാഖ്സ്ഥാൻ, മലേഷ്യ, മെക്സിക്കോ, ഒമാൻ, റഷ്യ, തെക്കൻ സുഡാൻ, സുഡാൻ എന്നിവരാണ് ഒപെക് പ്ലസിലെ അംഗങ്ങൾ.