ഭീകര വിരുദ്ധ സമിതിയുടെ സഹ അദ്ധ്യക്ഷ സ്ഥാനം അടക്കം പാകിസ്ഥാന് കിട്ടിയതിലാണ് ഇന്ത്യ അമർഷം രേഖപ്പെടുത്തിയത്.
വാഷിങ്ടൺ: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച 25 മിനിറ്റോളം നീണ്ടുനിന്നു. ശശി തരൂരിന്‍റെ നേതൃത്വത്തിലുള്ള സംഘം യുഎന്നിലെ 3 ഭീകരവിരുദ്ധ സമിതികളുടെ തലപ്പത്ത് പാകിസ്ഥാൻ എത്തിയതിലുള്ള ഇന്ത്യയുടെ അതൃപ്തി ജെഡി വാൻസിനെ അറിയിച്ചു.
ഭീകര വിരുദ്ധ സമിതിയുടെ സഹ അദ്ധ്യക്ഷ സ്ഥാനം അടക്കം പാകിസ്ഥാന് കിട്ടിയതിലാണ് ഇന്ത്യ അമർഷം രേഖപ്പെടുത്തിയത്. സുരക്ഷ സമിതി അംഗരാജ്യങ്ങളെയും ഇന്ത്യ ആശങ്ക അറിയിക്കും. ഭീകരവാദത്തിനെതിരെ സഹകരിക്കുമെന്ന് ജെഡി വാൻസ് വ്യക്തമാക്കിയതായി ശശി തരൂർ എംപി പറഞ്ഞു. പാകിസ്ഥാനുമായുള്ള പ്രശ്നപരിഹാരത്തിന് യുഎസ് മധ്യസ്ഥത വേണ്ടെന്ന ഇന്ത്യയുടെ നിലപാട് ജെഡി വാൻസിനെ അറിയിച്ചിട്ടുണ്ട്. ഭീകരതയേയും ഇരകളെയും ഒരു പോലെ കാണാനാകില്ലെന്ന് അറിയിച്ചെന്നും, ജെഡി വാൻസിന് ഇന്ത്യയുടെ കാഴ്ചപാട് മനസ്സിലായെന്നും തരൂർ പറഞ്ഞു.
വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച 25 മിനിറ്റോളം നീണ്ടുനിന്നു. പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ നിയന്ത്രിത നടപടിയോട് പൂർണ പിന്തുണയും ആദരവും ജെ.ഡി. വാൻസ് പ്രകടിപ്പിച്ചു. ഏപ്രിലിൽ കുടുംബത്തോടൊപ്പം ഇന്ത്യ സന്ദർശിച്ചതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. വാൻസുമായി നടന്നത് എറ്റവും മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്നും പ്രതിനിധി സംഘത്തെ നയിക്കുന്ന ഡോ.ശശി തരൂർ എംപി പറഞ്ഞു.


